ജനവികാരം പരിഗണിച്ച് മുഖ്യമന്ത്രി വരും:ലീഗ്

Sunday 26 April 2026 12:10 AM IST

കോഴിക്കോട്: കേരളത്തിൽ മുഖ്യമന്ത്രി ആരാകണമെന്നത് ജനവികാരം പരിഗണിച്ച് കോൺഗ്രസ് തീരുമാനിക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. എൽ.ഡി.എഫിൽ അത്തരമൊരു ചർച്ചയുടെ ആവശ്യമില്ല.യു.ഡി.എഫിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ മാദ്ധ്യമസൃഷ്ടിയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം അഭിപ്രായം പറയാം. ഭരണവിരുദ്ധ തരംഗമാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും യു.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്നും പറഞ്ഞു. കോഴിക്കോട്ട് ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ബൂത്ത്തല അവലോകന യോഗത്തിന് ശേഷമായിരുന്നു വാർത്താ സമ്മേളനം. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും പങ്കെടുത്തു. സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിന്റെ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. വാൽപ്പാറ ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് അവഗണനയാണുണ്ടായത്. മരണപ്പെട്ടവർ സർക്കാർ സ്‌കൂൾ അദ്ധ്യാപകരായിട്ടും സഹായം ലഭിച്ചില്ല. അതേസമയം, വയനാട് ദുരന്തബാധിതർക്കായി മുസ്ലിംലീഗ് പ്രഖ്യാപിച്ച വീടുകൾ ഉടൻ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.