വെടിക്കെട്ട് അപകടം: ഡി.എൻ.എ ഫലം വൈകും, കത്തിക്കരിഞ്ഞതിനാൽ പരിശോധന ദുഷ്കരം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായവരെയും കണ്ടെത്തിയ 140 ശരീരഭാഗങ്ങളും തിരിച്ചറിയാനായി നടത്തിയ ഡി.എൻ.എ പരിശോധനാ ഫലം വൈകും.140ൽ 133 ശരീരഭാഗങ്ങളുടെയും ഇൻക്വസ്റ്റ് പൂർത്തിയായി.132 ശരീരഭാഗങ്ങളാണ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കിയത്.ശരീരഭാഗങ്ങളിൽ മിക്കതും കത്തിക്കരിഞ്ഞതിനാൽ രക്തമോ കോശങ്ങളോ ലഭ്യമായിരുന്നില്ല.അതിനാൽ അസ്ഥികളിൽ നിന്നും പല്ലുകളിൽ നിന്നും ഡി.എൻ.എ വേർതിരിച്ചെടുക്കണം.അതിന് കൂടുതൽ സമയവും വൈദഗ്ദ്ധ്യവും ആവശ്യമായി വരും.ഇതാണ് ഫലം വൈകിക്കുന്നത്. തീയും ചൂടും കാരണം നശിച്ച ഡി.എൻ.എ ചെറിയ അളവിൽ ലഭ്യമായത് പലതവണ ശുദ്ധീകരിച്ച് പരിശോധിക്കണം. ഡി.എൻ.എ സാമ്പിൾ വിവിധ ബന്ധുക്കളുടെ സാമ്പിളുമായി ഒത്തുനോക്കാനും സമയമെടുക്കും.
മൂന്നുപേർ ഗുരുതരാവസ്ഥയിൽ
വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ മുണ്ടത്തിക്കോട് ബാബു,രാജേഷ്,വിഷ്ണു എന്നിവർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.പരിക്കേറ്റ ഭവാനി സർജിക്കൽ വാർഡിൽ ചികിത്സയിലുണ്ട്.ചികിത്സയിലായിരുന്ന എട്ടുപേർ ആശുപത്രി വിട്ടു.വിൽസൺ, സാജൻ എന്നിവർ എലൈറ്റ് ആശുപത്രിയിലാണ്.ഇതിനിടെ കുണ്ടന്നൂർ സ്വദേശികളായ രാജൻ,ബിജു ജോസ്,മനോജ് എന്നിവരും വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരാണോ എന്ന് പരിശോധിച്ച് വരികയാണ്.ഇതേവരെ പത്ത് പേരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്.തിരിച്ചറിയാത്ത ഒരു മൃതദേഹം മോർച്ചറിയിലുണ്ട്.അപകടത്തിൽ സി.എ.സുരേഷ്,അഭിജിത്ത്,വിഷ്ണു എന്നിവരെ കാണാതായെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.ഇവർ ഉൾപ്പെടെ 41 പേർ വെടിക്കെട്ട് അപകടത്തിൽ ഉൾപ്പെട്ടെന്നാണ് വിവരം.