എം.ഡി.എം.എ കടത്ത് അടി​വേര് തേടി​ അന്വേഷണം

Sunday 26 April 2026 12:22 AM IST

വാങ്ങി​ ഉപയോഗി​ച്ചവരെയും പൊക്കും

കൊല്ലം: സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടിയതോടെ ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊർജ്ജി​തമാക്കി​. സംഘത്തിലെ മറ്റുള്ളവരെ പിടികൂടുകയും ഇവരിൽ നിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിച്ചിരുന്നവരെ കണ്ടെത്തുകയുമാണ് ലക്ഷ്യം.

കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ആലുംകടവ് മണ്ണേൽ തെക്കതിൽ ജിതിൻ ജെ.കുമാർ, കരുനാഗപ്പള്ളി ആദിനാട് തെക്ക് കൊച്ചാലുംമൂട്ടിൽ മുർഷിദ് നൗഷാദ്, കർണാടക ഷിമോഗ സ്വദേശി മാലിക് റെഹാൻ ഖാസി എന്നിവരെ ബംഗളുരുവി​ൽ നിന്ന് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷനിൽ നിന്ന് 23 ഗ്രാം എം.ഡി.എം.എയുമായി യുവതിയെ പിടികൂടിയതിന്റെ തുടർ അന്വേഷണത്തിലാണ് പ്രധാനികളായ മൂന്നുപേർ കൂടി വലയിലായത്. ഇവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചു. ഇവരിൽ പലരും നിരീക്ഷണത്തിലാണ്. വിദ്യാർത്ഥികളും ചെറുപ്പക്കാരുമാണ് കൂടുതൽ ഉപഭോക്താക്കളെന്ന് വ്യക്തമായി. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ കൂട്ടുകൂടുകയും ഗുണ്ടാ സംഘമായി മാറുന്നുമവെന്നുമാണ് പൊലീസ് കണ്ടെത്തൽ.

വഴി​തെളി​ച്ചത് അലുവ അതുൽ കേസ്

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതി ഷംനാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലൂടെയാണ് എം.ഡി.എം.എ വില്പന സംഘത്തിലെ മൂന്നുപേർ അറസ്റ്റിലായത്. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുൽ. മാർച്ച് 14ന് രാവി​ലെ 11 മണിയോടെയാണ് അതുലിനെ മറ്റൊരു കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പി​ടി​കൂടി​. ആറാം പ്രതിയായ ഷംനാദിനെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പൊലീസ് ചോദ്യം ചെയ്തു. കസ്റ്റഡിയിൽ വാങ്ങി ബംഗളൂരുവിൽ തെളിവെടുപ്പിന് കൊണ്ടുപോയതോടെയാണ് മയക്കുമരുന്ന് കേസിലെ കണ്ണികൾ ഓരോന്നായി തെളിഞ്ഞത്. ശാസ്താംകോട്ട ഡിവൈ.എസ്.പി പ്രസാദിന്റെ മേൽനോട്ടത്തിൽ സി.ഐ മൃദുൽ കുമാർ, എസ്.ഐ കെ.പി.ശരത്, എ.എസ്.ഐ കെ.ആർ.ബിജു, സി.പി.ഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ എന്നിവരാണ് ബംഗളൂരുവിൽ നിന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

കൂടുതൽ പ്രതികൾ കുടുങ്ങും

എം.ഡി.എം.എ അടക്കമുള്ള മാരക മയക്കുമരുന്നുകൾ കേരളത്തിന്റെ പല ഭാഗത്തും വില്പന നടത്തുന്ന സംഘത്തെയാണ് പിടികൂടി​യത്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ കുടുങ്ങിയേക്കും.