യുവാവും പെൺസുഹൃത്തും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ
മാള: വലിയപറമ്പ് മാവേലിക്കഴയിലെ വാടകവീട്ടിൽ യുവാവും പെൺസുഹൃത്തും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പകരപ്പിള്ളി മഠത്തിൽ മാരാത്ത് വീട്ടിൽ പരേതനായ പ്രേമൻ- വത്സ ദമ്പതികളുടെ മകൻ ശ്രീജിത്തും (30) വെണ്ണൂരിലെ ബേക്കറി ജീവനക്കാരി കുന്നത്തുപറമ്പിൽ ബാബുവിന്റെയും മോളിയുടെയും മകൾ മിൽനയുമാണ് (24) മരിച്ചത്. ശ്രീജിത്തിന്റെ ഭാര്യ അഞ്ജന (25) ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30ഓടെ വീട്ടിൽ പോയി ചിട്ടിക്കുറി പതിപ്പിച്ച് മടങ്ങിവരാമെന്ന് പറഞ്ഞാണ് മിൽന ബേക്കറിയിൽ നിന്നുപോയത്. ഏറെ നേരമായിട്ടും തിരികെയെത്താത്തതിനെത്തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ജനയുടെ സുഹൃത്തായിരുന്നു മിൽന. ശ്രീജിത്തിന്റെയും മിൽനയുടെയും സൗഹൃദത്തെച്ചൊല്ലി മാസങ്ങൾക്ക് മുൻപ് യുവാവിന്റെ വീട്ടിൽ തർക്കമുണ്ടാകുകയും അഞ്ജനയെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം അഞ്ജന ഹാർപിക് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നാലെയാണ് മിൽന യുവാവിനെ കാണാനെത്തിയതെന്നാണ് സൂചന.
മിൽനയുടെ അമ്മ മോളി ഓസ്‌ട്രേലിയയിലാണ്. അവർ നാട്ടിലെത്തിയ ശേഷമാകും സംസ്‌കാരച്ചടങ്ങുകൾ. മിനിബസ് ഡ്രൈവറാണ് ശ്രീജിത്ത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. മാള പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.