പൊലീസ് ഒത്തുകളിച്ചു; മേൽക്കോടതിയെ സമീപിക്കുമെന്ന് നിതിന്റെ പിതാവ്
കാട്ടാക്കട: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് അദ്ധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിക്കാൻ പൊലീസ് ഒത്തുകളിച്ചെന്നും വിധിയിൽ തങ്ങൾ തൃപ്തരല്ലെന്നും മരണപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ പിതാവ് രാജൻ. ഉഴമലയ്ക്കലിലെ വീട്ടിൽ നിതിന്റെ പതിനാറാം ചടങ്ങുകൾ നടക്കുന്നതിനിടെ പുറത്തുവന്ന കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് എല്ലാ തെളിവുകളും പൊലീസിന് നൽകിയതാണ്. ഡോ.സംഗീതയും ഡോ.എം.കെ റാമിനൊപ്പം കുറ്റക്കാരിയാണ്. നിതിന്റെ മുഖത്തിനോ തലയ്ക്കോ പരിക്കില്ലെന്നത് സംശയമായി നിൽക്കുകയാണ്. നീതിക്കായി ഞങ്ങൾ മേൽക്കോടതിയെ സമീപിക്കും- രാജൻ വ്യക്തമാക്കി. ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി ഡോ.റാമിനെ കണ്ടെത്താൻ കേരള പൊലീസ് ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പഠിക്കാൻ അയച്ച കുട്ടിയെ പഠിപ്പിക്കുന്നതിന് പകരം കൊല്ലുകയാണ് ചെയ്തതെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരാനാണ് ബന്ധുക്കളുടെയും ആക്ഷൻ കൗൺസിലിന്റെയും തീരുമാനം.