ഏഷ്യൻ ഗെയിംസിന് വേദിയാകാൻ ഇന്ത്യ

Sunday 26 April 2026 1:39 AM IST

ന്യൂഡൽഹി : 2030ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെടുകയും 2036 ഒളിമ്പിക്സിന് വേദിയാകാൻ ശ്രമിക്കുകയും ചെയ്യുന്ന ഇന്ത്യ മറ്റൊരു കായിക മാമാങ്കത്തിന് കൂടി ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നു. 2038ലെ ഏഷ്യൻ ഗെയിംസിന് വേദിയാകാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനായി ഏഷ്യൻ ഒളിമ്പിക് കൗൺസിലിന് ഇന്ത്യ ഔദ്യോഗികമായി താത്പര്യപത്രം സമർപ്പിച്ചു. ചൈനയിലെ സാന്യയിൽ നടക്കുന്ന ഏഷ്യൻ ബീച്ച് ഗെയിംസിനോട് അനുബന്ധിച്ച് നടന്ന ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ യോഗത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയാണ് താത്പര്യപത്രം സമർപ്പിച്ചത്.

1951ലെ പ്രഥമ ഏഷ്യൻ ഗെയിംസിന് വേദിയായത് ഇന്ത്യയാണ്. 1982ലും ഇന്ത്യയിൽ ഏഷ്യൻ ഗെയിംസ് നടന്നു. രണ്ട് ഗെയിംസുകൾക്കും വേദിയായത് ഡൽഹിയാണ്. ഈ വർഷം ഏഷ്യൻ ഗെയിംസ് നട‌ക്കുന്ന ജപ്പാനിലാണ്. 2030ലെ ഗെയിംസ് ഖത്തറിലും 2034 ഗെയിംസ് സൗദിയിലും നടക്കും.