അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ എത്തുന്നു,​ ഉപയോഗിച്ചാൽ ഉണ്ടാകുന്നത് ഗുരുതര ആരോഗ്യപ്രശ്നം

Sunday 26 April 2026 1:53 AM IST

കൊല്ലം: മത്സ്യലഭ്യത കുറഞ്ഞതോടെ പഴകി​യ മത്സ്യങ്ങൾ വി​പണി​യി​ൽ നി​റയുന്നു. ഒറ്റനോട്ടത്തിൽ പഴക്കം തോന്നില്ലെങ്കിലും വെട്ടിത്തുടങ്ങുമ്പോഴാണ് പഴകിയതാണെന്ന് മനസിലാകുന്നത്.

കേരളത്തിലെ ഹാ‌ർബറുകളിൽ നിന്നെന്ന വ്യാജേന അന്യസംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിന് മത്സ്യമാണ് വി​പണി​യി​ൽ എത്തുന്നത്. മത്സ്യം പഴകി​യതാണെങ്കി​ൽ വി​ല കുറയും. ഇക്കാരണത്താൽ സംസ്ഥാനത്തേക്ക് ഇവയുടെ കുത്തൊഴുക്കാണ്. ആഴ്ചകൾ പഴക്കമുള്ള മത്സ്യങ്ങൾ വരെ വില്പനക്കാരുടെ കൈയി​ലെത്തുന്നുണ്ട്.

ഒരു കിലോ മീനിൽ ഒരു കിലോ ഐസ് എന്ന തോതിൽ ഇടണമെന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്. എന്നാൽ മതിയായ അളവിൽ ഐസ് ഇടാതെയാണ് ഈ മത്സ്യങ്ങൾ സൂക്ഷിക്കുന്നത്. ചില കച്ചവടക്കാരാകട്ടെ ഐസ് ഉപയോഗിക്കാറേയി​ല്ല. ചൂട് ഉയർന്ന് നിൽക്കുന്നതിനാൽ പെട്ടെന്ന് മത്സ്യങ്ങൾ ചീയും. മാർക്കറ്റി​ൽ നി​ന്നു വാങ്ങി​ വീട്ടി​ൽ എത്തി​ക്കുമ്പേഴേക്കും അവസ്ഥ ഒന്നുകൂടി​ വഷളാവും.

കൊട്ടാരക്കര കുളക്കട സ്വദേശിനിയായ സിന്ധു ഇന്നലെ പുലർച്ചെ നീണ്ടകര ഹാർബറിൽ നിന്ന് വാങ്ങിയ ചൂര മുറി​ച്ചപ്പോൾ പുഴുവെന്ന് തോന്നിപ്പിക്കുന്ന ജീവികളെ കണ്ടെത്തി​. ദുർഗന്ധവും ഉണ്ടായിരുന്നു. എന്നാൽ സമുദ്ര മത്സ്യങ്ങളിൽ, പ്രത്യേകിച്ച് ചൂര, അയല തുടങ്ങിയവയിൽ മനുഷ്യനിൽ ഉള്ളതുപോലെ പരാന്നഭോജികൾ (പാരസൈറ്റുകൾ) കാണപ്പെടാറുണ്ടെന്നും ഒരുപക്ഷേ ചൂരയിൽ കണ്ടത് ഇതാവാമെന്നുമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ പറയുന്നത്.

പരാതി​കൾ വ്യാപകം

പഴകിയ മത്സ്യങ്ങൾ വ്യാപകമാണെന്ന് നിരവധി പരാതികൾ ലഭിക്കുന്നതായി​ അധികൃതർ വ്യക്തമാക്കി. പ്രദേശിക മാർക്കറ്റുകളിൽ ശീതികരണ സംവിധാനങ്ങൾ ഇല്ലാതെയും മതിയായ അളവിൽ ഐസ് ചേർക്കാതെയും മത്സ്യം സൂക്ഷിക്കുന്നത് പഴക്കത്തിന് കാരണമാകും. ‌ഫോർമാലിൻ ഉൾപ്പടെയുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യം പെട്ടന്ന് കേടാകി​ല്ല. എന്നാൽ ആരോഗ്യത്തി​ന് ഏറെ ഹാനി​കരമാണ് ഇവ.

ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വഴിയോര വില്പനയും വ്യാപകമാണ്. പ്രധാന മാർക്കറ്റുകൾ മാത്രം കേന്ദ്രീകരിച്ചാണ് പലപ്പോഴും പരിശോധനകൾ നടത്തുന്നത്.

നല്ല മത്സ്യം

തിളക്കമുള്ള കണ്ണുകൾ

 രക്തമുള്ള ചെകിള

 കേട് വരാത്തതും നിറം മാറാത്തതുമായ തുകൽ

 കട്ടിയുള്ള മാംസം

 ദുർഗന്ധം ഇല്ല

കേടായ മത്സ്യം

കുഴിഞ്ഞ കണ്ണുകൾ

 ചേറിന്റെ (ചെളി) നിറമായ ചെകിള

 നിറം മാറിയതും കേട് വന്നതുമായ തുകൽ

 തൊട്ടാൽ കുഴിഞ്ഞ് പൂർവ സ്ഥിതിയിലാകാത്ത മാംസം

 ദുർഗന്ധം ഉണ്ടാകും

മത്സ്യവില്പനക്കാർ ഒരു കിലോ മത്സ്യത്തിൽ ഒരു കിലോ ഐസ് എന്ന തോതിൽ ഇട്ട് സൂക്ഷിക്കുകയും വില്പന നടത്തുകയും വേണം.ഉപഭോക്താക്കൾ ഐസിൽ ഇട്ട മത്സ്യങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. -

എ.സക്കീർ ഹുസൈൻ , അസി.കമ്മീഷണർ , ഭക്ഷ്യസുരക്ഷാ വകുപ്പ്