പൂരാവേശത്തിന് തുടക്കമായി; ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആചാരപ്പെരുമയോടെ തുടക്കം. പുലർച്ചെ മുതൽ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. നാലേമുക്കാലോടെ കണിമംഗലം ശാസ്‌താക്ഷേത്രത്തിൽ നിന്നാണ് ആദ്യഘടകപൂരം ആരംഭിച്ചത്. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നതിനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവിലെത്തി.
നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരനടയിലൂടെ കണിമംഗലം ശാസ്താവ് കടന്നുവരുന്നതോടെ തൃശൂരിൽ ഗംഭീരമായ പൂരച്ചടങ്ങുകൾക്ക് തുടക്കമാവും. കണിമംഗലം ശാസ്താവിനു പിന്നാലെ മറ്റു ഘടകപൂരങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തും. രാവിലെ 7.30ഓടെ തിരുവമ്പാടി ഭഗവതി പുറപ്പെടും. മഠത്തിലെത്തിയുള്ള ചടങ്ങുകൾക്കുശേഷം 11.30നു മഠത്തിൽ നിന്ന് പുറപ്പെടും.
11ഓടെയാണ് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ്. ചെമ്പട മേളത്തോടെ വടക്കുന്നാഥനിലെ ഇലഞ്ഞിത്തറയിലെത്തിയാൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ മേളത്തിനു തുടക്കമാകും. തുടർന്ന് കുടമാറ്റം ആരംഭിക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ 15 മിനിറ്റ് മാത്രമാണ് കുടമാറ്റം. രാത്രി പൂരത്തിനുശേഷം തിങ്കളാഴ്ച രാവിലെ പകൽപ്പൂരം കഴിഞ്ഞ് ഉപചാരം ചൊല്ലി പിരിയും.