കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു; കൊല്ലത്തും എറണാകുളത്തും രണ്ടുപേർക്ക് കടിയേറ്റു

Sunday 26 April 2026 10:59 AM IST

കണ്ണൂർ: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുതുകുടയിൽ നബീസ (75) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് വിവരം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന നബീസ ഇന്നുരാവിലെയാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ഒരാഴ്‌ചയ്ക്കിടെ പാമ്പുകടിയേറ്റ് മരിക്കുന്ന ആറാമത്തെ വ്യക്തിയാണ്.

കൊല്ലത്തും ഒരാൾക്ക് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് പാമ്പുകടിയേറ്റത്. ഇന്നുരാവിലെയാണ് സംഭവം. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. ചുരുട്ടയാണ് കടിച്ചതെന്നാണ് വിവരം. ഉടൻതന്നെ സുദേവനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. സുദേവൻ നിലവിൽ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ കേരളത്തിലെത്തിയ വിനോദ സഞ്ചാരിക്കും പാമ്പുകടിയേറ്റു. ചെറായിയിലെ റിസോർട്ടിലെത്തിയ കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് (38) ഇന്നുരാവിലെ കടിയേറ്റത്. കാൽ വിരലിലാണ് കടിയേറ്റത്. മാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിൽ ശർമിളയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്‌ച കായംകുളത്ത് എരുവയിൽ 15കാരിയെ പാമ്പ് കടിച്ചിരുന്നു. കുട്ടി നിലവിൽ നൂറനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

വെള്ളിയാഴ്‌ച കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരണപ്പെട്ടിരുന്നു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ടോയ്‌ലറ്റിന് മുന്നിൽ വച്ചാണ് ഇന്ദിരയ്‌ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻതന്നെ നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

ചിറയിൻകീഴ് അഴൂരിൽ ദിക്ഷൽ ദിലീപ് (8)​,​ കായംകുളം ചേരാവള്ളി വടക്കേത്തോപ്പിൽ സെലീന (42) എന്നിവരും പാമ്പുകടിയേറ്റ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. തൃശൂരിൽ എട്ടുവയസുകാരൻ ആൽജോ പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെയാണിത്.