മഠത്തിൽവരവ്  പഞ്ചവാദ്യത്തിൽ അലിഞ്ഞ് ആയിരങ്ങൾ; ഇലഞ്ഞിത്തറ മേളം ഉച്ചയ്‌ക്ക് 2.30ന്

Sunday 26 April 2026 12:28 PM IST

തൃശൂർ: തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ അലിഞ്ഞ് ആയിരങ്ങൾ. കോങ്ങാട് മധുവാണ് പ്രാമാണ്യം. ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയത്. 125 കലാകാരന്മാരുടെ ഗംഭീര പഞ്ചവാദ്യമാണ് നടക്കുന്നത്. കനത്ത ചൂട് വകവയ്ക്കാതെ ആയിരങ്ങളാണ് പഞ്ചാവാദ്യത്തിന് താളംപിടിക്കാൻ എത്തിയത്. ഒന്നര മണിക്കൂറോളം പഞ്ചവാദ്യം തുടരും. ഇതിനുശേഷം ഇലഞ്ഞിത്തറ മേളം ഉച്ചയ്‌ക്ക് 2.30നും കുടമാറ്റം വൈകിട്ട് അഞ്ചിനും നടക്കും.

കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പുറപ്പെട്ടതോടെയാണ് ഇന്ന് രാവിലെ ശക്തന്റെ തട്ടകം പൂരദിനത്തിലേക്ക് ഉണർന്നത്. പൂരത്തിന്റെ പ്രധാന ആകർഷണമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് കാണാൻ വൻ ജനകൂട്ടമാണ് തടിച്ചുകൂടിയത്. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നടയിലൂടെ രാമൻ പുറത്തേക്ക് വന്ന നിമിഷം പൂരപ്രേമികൾക്ക് വികാരനിർഭരമായ നിമിഷമായിരുന്നു. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിലേയ്ക്ക് എത്തുകയാണ്. പുലർച്ചെ നാലേമുക്കാലോടെ കണിമംഗലം ശാസ്‌താക്ഷേത്രത്തിൽ നിന്നാണ് ആദ്യഘടകപൂരം ആരംഭിച്ചത്. തൊട്ടുപിന്നാലെ കാരമുക്ക്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് ക്ഷേത്രങ്ങളിലെ ഘടകപൂരങ്ങളും വടക്കുന്നാഥനെ വിധിപ്രകാരം കാണാനെത്തും.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് ഇന്നലെ സാമ്പിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വമായ കുടമാറ്റം 15 മിനിറ്റ് മാത്രമാക്കി ചുരുക്കി. പൂരത്തിന്റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും.