രാസലഹരിയിലും മായം; ആലംകല്ലും ഉപ്പും വരെ

Monday 27 April 2026 2:12 AM IST

എം.ഡി.എം.എയിൽ പാരസെറ്റമോളും ആലംകല്ലും

കൊച്ചി: കേരളത്തെ വരിഞ്ഞുമുറുക്കുന്ന രാസലഹരി വിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം. ‘പാർട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന എം.ഡി.എം.എ കേരളത്തിൽ എത്തുമ്പോൾ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിയാണ് വില്പന. പാരസെറ്റമോൾ ഗുളിക മുതൽ ബാർബർഷോപ്പുകളിൽ ഉപയോഗിക്കുന്ന ആലംകല്ല് വരെ പൊടിച്ചുകലർത്തി ലഹരി മാഫിയ ലക്ഷങ്ങളുടെ ലാഭം കൊയ്യുന്നു. കർപ്പൂരം, അജിനോമോട്ടോ, ഉപ്പ് എന്നിവയും ഇതിൽ ചേർക്കുന്നു. 100 ഗ്രാമിൽ 20 ശതമാനം വരെയാണ് വ്യാജസാന്നിദ്ധ്യം.

ബംഗളൂരു, മുംബയ്, ഡൽഹി, ഹൈദരാബാദ് നഗരങ്ങളിൽനിന്ന് കേരളത്തിലെത്തുന്ന എം.ഡി.എം.എയിൽ 90 ശതമാനവും മെത്താംഫിറ്റമിൻ എന്ന രാസലഹരിയാണ്. ഇവ രണ്ടും തമ്മിൽ പെട്ടെന്ന് തിരിച്ചറിയാനാകില്ല. ആറ് മണിക്കൂർ വരെ ഉന്മാദം നൽകുന്ന യഥാർത്ഥ എം.ഡി.എം.എ ലഭിക്കാൻ പ്രയാസമാണ്; ഇതിന് വിലയും കൂടുതലാണ്. ബംഗളൂരുവിലെ മൊത്തക്കച്ചവടക്കാർ ഒരു കിലോ നൽകുമ്പോൾ 400 ഗ്രാം മാത്രമാണ് ഒറിജിനൽ ഉണ്ടാകുക. ബാക്കി ഗുണനിലവാരം കുറഞ്ഞ രാസലഹരിയായിരിക്കും. ആഫ്രിക്കൻ ഉത്തേജക സസ്യമായ കത്തിനോണിന്റെ സത്ത് കലർത്തിയ വ്യാജനും വിപണിയിലുണ്ട്.

എം.ഡി.എം.എയിൽ ഉപ്പ് ഒഴികെയുള്ള രാസവസ്തുക്കളും പാരസെറ്റമോളും കലർത്തുന്നത് ഉപയോഗിക്കുന്നവരുടെ ശാരീരികവും മാനസികവുമായ തകർച്ച വേഗത്തിലാക്കും. എം.ഡി.എം.എയും മെത്താംഫിറ്റമിനും ലായനി രൂപത്തിലാക്കി കുത്തിവയ്ക്കുന്നതാണ് പുതിയ രീതി. രക്തത്തിൽ ലഹരി പെട്ടെന്ന് വ്യാപിക്കാൻ ഇത് കാരണമാകുന്നു. വ്യാജ ലഹരിമരുന്നിന്റെ സാന്നിദ്ധ്യം അതിനാൽ കൂടുതൽ ആപത്ക്കരമാണ്.

കേരളത്തിൽ ഡബിൾ മായം

മായം തിരിച്ചറിയാനാകില്ല

* കൊള്ളലാഭം

ബംഗളൂരുവിൽ ഗ്രാമിന് 800-1500 രൂപയ്ക്ക് കിട്ടുന്ന രാസലഹരി കേരളത്തിൽ 3000 രൂപയ്ക്കാണ് വില്പന. ഒരു ഗ്രാം എന്ന പേരിൽ നൽകുന്നത് 0.4 ഗ്രാം മാത്രം. ബാക്കി 0.6 ഗ്രാം വ്യാജനായിരിക്കും. ഒരു കിലോ എത്തിച്ച് വ്യാജൻ കലർത്തി 1.600 കിലോഗ്രാമാക്കി വിറ്റാൽ ലക്ഷപ്രഭുവാകാം. ഇതോടെ സ്ഥിരം ഗുണ്ടകൾ കൂടുതൽ റിസ്ക്കുള്ള ക്വട്ടേഷനും മോഷണവും മതിയാക്കി രാസലഹരിയിലേക്ക് തിരിയുകയാണിപ്പോൾ.