മാങ്ങ പെറുക്കുന്നതിനിടെ പാമ്പ് കടിച്ചു, ഇടുക്കിയിൽ വയോധികയ്ക്ക് ദാരുണാന്ത്യം; ഒരാഴ്ചക്കിടെ പാമ്പുകടിയേറ്റ് ഏഴ് മരണം
തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കിയിൽ കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. മാങ്ങ പെറുക്കാൻ വീടിന് സമീപത്ത് ഇറങ്ങിയപ്പോൾ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാമ്പുകടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടെ പാമ്പുകടിയേറ്റ് മരിക്കുന്ന ഏഴാമത്തെയാളാണ് വിശാലാക്ഷി.
തളിപ്പറമ്പ് പട്ടുവം സ്വദേശി 65കാരി നബീസ ഇന്ന് രാവിലെ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് നബീസയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയൻ വിഭാഗത്തിൽപ്പെട്ട കടിച്ചതെന്നാണ് വിവരം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
അതേസമയം, കൊല്ലത്തും ഒരാൾക്ക് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് പാമ്പുകടിയേറ്റത്. ഇന്നുരാവിലെയാണ് സംഭവം. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. ചുരുട്ടയാണ് കടിച്ചതെന്നാണ് വിവരം. ഉടൻതന്നെ സുദേവനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. സുദേവൻ നിലവിൽ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ കേരളത്തിലെത്തിയ വിനോദ സഞ്ചാരിക്കും പാമ്പുകടിയേറ്റു. ചെറായിയിലെ റിസോർട്ടിലെത്തിയ കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് (38) ഇന്നുരാവിലെ കടിയേറ്റത്. കാൽ വിരലിലാണ് കടിയേറ്റത്. മാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിൽ ശർമിളയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്‌ച കായംകുളത്ത് എരുവയിൽ 15കാരിയെ പാമ്പ് കടിച്ചിരുന്നു. കുട്ടി നിലവിൽ നൂറനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.