ചെന്നൈയെ എറിഞ്ഞൊതുക്കി; അടിച്ചുതകർത്ത് സുദർശൻ, സിഎസ്‌ക്കെയ്‌ക്കെതിരെ ടൈറ്റൻസിന് ഉജ്ജ്വല ജയം
ചെന്നൈ: ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് എട്ട് വിക്കറ്റിന്റെ ജയം. ചെന്നൈ ഉയർത്തിയ 159 റൺസ് 20 പന്തുകൾ ബാക്കിനിൽക്കെയാണ് ഗുജറാത്ത് മറികടന്നത്. 46 പന്തിൽ നിന്ന് 87 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ വിജയശില്പി. ഏഴ് പടുകൂറ്റൻ സിക്സറുകളാണ് സുദർശന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഓപ്പണിംഗ് വിക്കറ്റിൽ ശുഭ്മൻ ഗില്ലും (33) സുദർശനും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേയിൽ തന്നെ മത്സരം ചെന്നൈയുടെ കൈകളിൽ നിന്ന് ഗുജറാത്ത് പിടിച്ചെടുത്തിരുന്നു. 30 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് ടൈറ്റൻസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് .
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം മുതലേ പിഴച്ചിരുന്നു. ഗുജറാത്ത് പേസർ മുഹമ്മദ് സിറാജിന്റെയും കാഗിസോ റബാദയുടെയും ബൗൺസറുകൾക്ക് മുന്നിൽ ചെന്നൈ ബാറ്റർമാർ പതറി. മത്സരത്തിനിടെ മലയാളി താരം സഞ്ജു സാംസൺ ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന വേഗമേറിയ ഇന്ത്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കിയെങ്കിലും 11 റൺസെടുത്ത് റബാദയുടെ പന്തിൽ സഞ്ജു മടങ്ങി.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് പൊരുതി നിന്നു. 60 പന്തിൽ 74 റൺസെടുത്ത ഗെയ്‌ക്‌വാദിന്റെ പ്രകടനമാണ് ചെന്നൈയെ 158/7 എന്ന ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഉർവിൽ പട്ടേൽ (4), സർഫറാസ് ഖാൻ (0), ഡെവാൾഡ് ബ്രെവിസ് (2) എന്നിവർ നിരാശപ്പെടുത്തി. ശിവം ദുബെയും കാർത്തിക് ശർമ്മയും നടത്തിയ ചെറിയ ശ്രമങ്ങൾ ചെന്നൈയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു.
ഗുജറാത്തിന് വേണ്ടി കാഗിസോ റബാദ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് തുടക്കത്തിലേ ചെന്നൈയെ പ്രതിരോധത്തിലാക്കി. കൃത്യമായ പ്ലാനിംഗോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാർ ചെന്നൈ ബാറ്റർമാരെ വലിയ ഷോട്ടുകൾ കളിക്കാൻ അനുവദിച്ചില്ല. ചെപ്പോക്കിൽ ചെന്നൈയെ തളയ്ക്കാൻ കഴിഞ്ഞത് ഗുജറാത്തിന് വരും മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും. സായ് സുദർശന്റെ ബാറ്റിംഗ് മികവ് തന്നെയാണ് മത്സരത്തിലെ ഹൈലൈറ്റ്.