'വനിതാസംവരണം അട്ടിമറിക്കുന്നത് സംഘപരിവാർ'
കൊച്ചി: മണ്ഡല പുനർനിർണയത്തിന്റെ പേരിൽ വനിതാ സംവരണം അനിശ്ചിതമായി നീട്ടിവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുൻ എം.പി അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. വനിതാ സംവരണ നിയമം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് (ഐ.എച്ച്.ആർ.എം) സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023ൽ നിയമം പാസാക്കിയിട്ടും നടപ്പാക്കാതിരിക്കുന്നത് ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണ്. മണ്ഡലവുമായി ബന്ധിപ്പിച്ച സമീപനം സ്ത്രീകളുടെ രാഷ്ട്രീയ പ്രതിനിത്യത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ നടന്ന ധർണയിൽ ഐ.എച്ച്.ആർ.എം സംസ്ഥാന പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ. മാധവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.എം.ഡി. ആലീസ്, അബീന മൻസൂർ, പ്രൊഫ. കെ.പി. ശങ്കരൻ, പി.കെ. വേണുഗോപാൽ, ടി.സി. സുബ്രഹ്മണ്യൻ, കബീർ ഹുസൈൻ, മുഹമ്മദ് അഷറഫ്, മുഹമ്മദ് സാദിക്ക്, കെ.ഡി. മാർട്ടിൻ, ബോബൻ മാപ്ലശേരി എന്നിവർ സംസാരിച്ചു.