പറക്കോട് അനന്തരാമപുരം മാർക്കറ്റ് നവീകരണം, കാലാതീതം ഈ അവഗണന
അടൂർ : തിരുവതാംകൂറിന്റെ ചരിത്രവുമായി ഇഴചേർന്ന വാണിജ്യ കേന്ദ്രമായ പറക്കോട് അനന്തരാമപുരം ചന്തയുടെ ദുരവസ്ഥയ്ക്ക് ഇനിയും പരിഹാരമായില്ല. ദിവാൻ രാജ കേശവദാസൻ സ്ഥാപിച്ച ചന്ത കാലങ്ങളായി നാശവസ്ഥയിലാണ്. സൗകര്യങ്ങളുടെ അപര്യാപ്തതയും മാലിന്യം പ്രശ്നവും പറക്കോട് ചന്തയുടെ തീരാശാപമായി തുടരുകയാണ്. മദ്ധ്യതിരുവിതാംകൂറിലെ രണ്ടാമത്തെ വലിയ ചന്തയായിരിന്നിട്ടും കാലം വരുത്തിയ ജീർണതയ്ക്ക് പരിഹാരം ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ഇടതുനേതൃത്വത്തിലുള്ള കഴിഞ്ഞ അടൂർ നഗരസഭ ഭരണസമിതി അനന്തരാമപുരം മാർക്കറ്റിന്റെ സമഗ്രമായ വികസനത്തിനായി രൂപരേഖ തയ്യാറാക്കി കിഫ്‌ബി അനുമതിക്കായി സമർപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഹൈടെക് പദ്ധതിക്ക് രൂപം നൽകി. ആധുനിക രീതിയിലുള്ള സ്റ്റാളുകൾ, ഷോപ്പിംഗ് കോംപ്ളിക്സ്, മാലിന്യ സംസ്കരണ പ്ളാന്റ്, കക്കൂസുകൾ എന്നിവയാണ് പദ്ധതിയിൽ ഉണ്ടായിരുന്നത്.
കൂടാതെ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി അധികാരത്തിലെത്തിയപ്പോൾ അവതരിപ്പിച്ച ബഡ്ജറ്റിൽ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനും നിർമ്മാണ സൗകര്യം ഒരുക്കുന്നതിനുമായി 20 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. എന്നാൽ തുടർ പ്രവർത്തനങ്ങൾ ഉണ്ടായില്ല.
കനിയാതെ കിഫ്‌ബി
പറക്കോട് മാർക്കറ്റ് നവീകരണം കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടത്താനായിരുന്നു നീക്കം. ഇതിനായി തീരദേശ വികസന കോർപ്പറേഷനാണ് രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയത്. എന്നാൽ കിഫ്‌ബിയിൽ നിന്നുള്ള അനുമതി ലഭിച്ചില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണോ കാരണം എന്നതിൽ വ്യക്തതയില്ല. പുതിയ സർക്കാരിലാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
"നഗരസഭയുടെ പുതിയ ബഡ്ജറ്റിൽ അനുബന്ധ പ്രവർത്തികൾക്ക് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കിഫ്‌ബി അനുമതി ലഭിക്കുന്നതിനായുള്ള പരിശ്രമം നഗരസഭ തുടരും.
റീന ശാമുവേൽ
(അടൂർ നഗരസഭ ചെയർപേഴ്സൺ )
കിഫ്‌ബിക്ക് സമർപ്പിച്ച മാർക്കറ്റിന്റെ രൂപരേഖ
◾മത്സ്യമാർക്കറ്റ് രണ്ടുനിലകളിലായി. 47,802.5 മീറ്റർ ചതുരശ്രയടിയിൽ ◾മത്സ്യ വിപണനത്തിനായി 16 ചില്ലറ വിൽപന ഔട്ട്ലറ്റുകൾ
◾10 ബുച്ചർ സ്റ്റാളുകൾ, 44 മത്സ്യ സ്റ്റാളുകൾ, 12 പച്ചക്കറിക്കടകൾ ◾ഓപ്പൺ മാർക്കറ്റ് സംവിധാനം, കോൾഡ് സ്റ്റോറേജ് സംവിധാനം, ക്രമീകരണ മുറി, ശുചിമുറി
◾ഓഫിസ് മുറി, കമ്യൂണിറ്റി ഹാൾ, കാർ പാർക്കിംഗ്
◾ ഡ്രെയിനേജ് സംവിധാനം, മലിനജല സംസ്കരണ പ്ലാന്റ്
◾മഴവെള്ള സംഭരണി, സോളാർ പാനൽ സംവിധാനം