@ പ്ലാനുണ്ട്,​ പണമില്ല ടാഗോർ ഹാൾ നിന്നിടം മാലിന്യക്കൂന !

Monday 27 April 2026 12:27 AM IST
കോ​ഴി​ക്കോ​ട് ​ടാ​ഗോ​ർ​ ​ഹാ​ൾ​ ​നി​ന്നി​ട​ത്തെ​ ​ടാ​ഗോ​ർ​ ​പ്ര​തി​മ​യ്ക്ക് ​ചു​റ്റും​ ​മാ​ലി​ന്യം​ ​കൂ​ട്ടി​യി​ട്ട​നി​ല​യിൽ

കോഴിക്കോട്: മൾട്ടിപ്ലക്സ് തിയറ്റർ ഉൾപ്പെടെയുള്ള സാംസ്കാരിക കോംപ്ലക്‌സാക്കി പണിയാൻ പൊളിച്ചുനീക്കിയ ടാഗോർ ഹാൾ നിന്നിടം അനാദരവിന്റെ സ്മാരകമാക്കി കോർപ്പറേഷൻ. ഗാന്ധിജി 'ഗുരുദേവ് ' എന്നുവിളിച്ച മഹാകവിയുടെ പ്രതിമയ്ക്ക് ചുറ്റും നിറച്ചിരിക്കുന്നത് മാലിന്യച്ചാക്കുകൾ. 2025ൽ പൊളിച്ചുനീക്കിയ കെട്ടിടത്തിന് പകരം തറക്കല്ലിടാൻ പോലും മെനക്കെടാത്ത നഗരഭരണകൂടം മാലിന്യം സൂക്ഷിക്കാൻ സുരക്ഷിത ഇടമാക്കി. കോർപ്പറേഷൻ നടപ്പാക്കിവരുന്ന 'അഴക്'പദ്ധതിയുടെ ഭാഗമായി മാലിന്യം ശേഖരിക്കാൻ നഗരത്തിൽ സ്ഥാപിച്ച കണ്ടെയ്നറുകൾ നിറഞ്ഞതോടെയാണ് മാലിന്യ ചാക്കുകൾ ടാഗോർ പ്രതിമയ്ക്ക് ചുറ്റുമെത്തിയത്. ഒരാൾ പൊക്കത്തിൽ നൂറിലധികം ചാക്കുകളുണ്ടിവിടെ. കോർപ്പറേഷന്റെ ഉപയോഗശൂന്യമായ വാഹനങ്ങൾ,​ മറ്റ് ആക്രി സാധനങ്ങളെല്ലാം കുന്നുകൂടി കിടപ്പാണ്. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാൻ പോലും ആരുമില്ല. ആറ് ഏജൻസികളാണ് കോർപ്പറേഷൻ മാലിന്യ ശേഖരിക്കുന്നത്. ഇവരുടെ തൊഴിലാളികൾ തിരഞ്ഞെടുപ്പിന് കൂട്ടമായി നാട്ടിലേക്ക് പോയതിനാൽ മാലിന്യം എടുക്കുന്നത് നിലച്ചിരിക്കുകയാണെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം.

ടാഗോർ ഹാൾ നിർമ്മാണം

അനിശ്ചിതത്വത്തിൽ

ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്റെ ജ​ന്മ​ശ​താ​ബ്ദിയുടെ ഭാ​ഗ​മാ​യി 1973 ഡി​സംബറിൽ ഉദ്ഘാടനം കഴി‌ഞ്ഞ ഹാൾ ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് കോർപ്പറേഷൻ പൊളിച്ച് പണിയാൻ തീരുമാനിച്ചത്. 2023ൽ ഹാൾ അടച്ചിട്ടു. കഴിഞ്ഞ വർഷം പൊളിച്ചു. എന്നാൽ ഹാളിന്റെ നിർമ്മാണം ഇന്നും അനിശ്ചിതത്വത്തിലാണ്. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (കെ.യു.ആർ.ഡി.എഫ്.സി) നിന്ന് 49 കോടി രൂപ ലോണെടുക്കാൻ സർക്കാർ അനുമതിയായിട്ടുണ്ടെങ്കിലും നിർമ്മാണം എന്നു തുടരുമെന്ന് വ്യക്തതയില്ല. സ്വകാര്യ ഏജൻസിയിൽ നിന്ന് 60 കോടിയോളം കടമെടുക്കാനും കോർപ്പറേഷൻ ശ്രമിക്കുന്നുണ്ട്.

പി.ഡബ്ല്യു.ഡിയുടെ ടെക്നിക്കൽ അനുമതി ലഭിക്കാത്തതിനാൽ ടെൻഡർ നടപടികൾ വൈകുകയാണ്. ഒരുകാലത്ത് ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റുകൾ ഉൾപ്പെടെ നടന്ന വേദിയായിരുന്നു ടാഗോർ ഹാൾ. ഇന്ന് നഗരത്തിൽ കുറഞ്ഞ ചെലവിൽ പരിപാടികൾ സംഘടിപ്പിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്.

ടാഗോർ ഹാൾ നിർമ്മാണം

@ ചെലവ്...........67.75 കോടി

പ്രത്യേകതകൾ

@പു​സ്ത​ക ഷോ​പ്പ്,​ മൾട്ടിപ്ലക്സ് തിയറ്റർ,​ കോഫി ഷോപ്പ്

@മൂന്ന് നില കെട്ടിടം

@ 2000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ്രധാന ഹാ​ൾ, 150 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന മി​നി​ ഹാ​ൾ,

@ആ​ധു​നി​ക ദൃ​ശ്യ ശ്ര​വ്യ സം​വി​ധാ​ന​ങ്ങ​ൾ

@500 പേർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ഡൈ​നിംഗ്ഹാ​ൾ

'സ്വകാര്യ ഏജൻസികളുമായി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഇവരുടെ തൊഴിലാളികൾ 29ന് എത്തുന്നതോടെ മാലിന്യനീക്കം തുടങ്ങും. ഇപ്പോൾ താത്കാലികമായാണ് റോഡരികിൽ ശേഖരിക്കുന്ന ചാക്കുകൾ ടാഗോർ ഹാൾ പരിസരത്തേക്ക് മാറ്റിയത്'.

ഡോ.മുനവർ റഹ്മാൻ,​ ഹെൽത്ത് ഓഫീസർ,​ കോർപ്പറേഷൻ.

'' പുതിയ ഹാൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്ന് വായ്പയെടുക്കാനുള്ള അനുമതിയായിട്ടുണ്ട്. പണം ലഭിക്കുന്നതോടെ നിർമ്മാണം നടത്താമെന്ന് പ്രതീക്ഷിക്കുന്നു''- സുജാത കൂടത്തിങ്കൽ,​ ചെയർപേഴ്സൺ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി