മുസ്ലിംലീഗ് നിർമ്മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ്

Monday 27 April 2026 12:00 AM IST

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾ ബാധിതർക്കായി മുസ്ലിംലീഗ് നിർമ്മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയ 51 വീടുകളിലാണ് താമസം ആരംഭിക്കുന്നത്. വൈകിട്ട് നാലിന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഉപസമിതി കൺവീനർ പി.കെ. ബഷീർ എം.എൽ.എ, പി.കെ. ഫിറോസ് ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.105 വീടുകളാണ് മുസ്ലിം ലീഗ് പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്നത്. രണ്ട് സ്ഥലങ്ങളിലായി നടക്കുന്ന 54 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ജൂൺ മാസത്തിനു മുൻപ് ഇത്രയും വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.1,060 സ്‌ക്വയർഫീറ്റ് വിസ്തൃതിയുള്ള മൂന്ന് കിടപ്പുമുറികൾ അടങ്ങിയ വീടുകളാണ് നിർമ്മിച്ചത്. ഫെബ്രുവരി 27ന് വീടുകളുടെ താക്കോൽ കുടുംബങ്ങൾക്ക് കൈമാറിയിരുന്നു. പരീക്ഷ ഉൾപ്പെടെ കണക്കിലെടുത്താണ് ഗൃഹപ്രവേശന ചടങ്ങ് നീട്ടിവച്ചത്. തറക്കല്ലിടൽ നടത്തി പത്തുമാസം കൊണ്ടാണ് മുസ്ലിംലീഗ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. പൊതുപരിപാടികൾ ഒന്നും തന്നെ ഉണ്ടാകില്ല. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് സന്ദർശനം ഒഴിവാക്കിയിട്ടുണ്ട്.