ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറി പി.എൻ.ബി

Monday 27 April 2026 12:34 AM IST

കൊച്ചി: പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ആവശ്യങ്ങൾക്ക് ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി.

ആദ്യഘട്ടത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കായി 12 ടാറ്റ നെക്‌സോൺ ഇ.വി വാഹനങ്ങൾ ലഭ്യമാക്കി. ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എം.ഡിയും സി.ഇ.ഒയുമായ അശോക് ചന്ദ്ര വാഹനങ്ങൾ ഫ്‌ളാഗ് ഒഫ് ചെയ്തു. എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ എം. പരമശിവം, ബിഭു പ്രസാദ് മഹാപത്ര, ഡി. സുരേന്ദ്രൻ, അമിത് കുമാർ ശ്രീവാസ്തവ എന്നിവരും പങ്കെടുത്തു.

ബാങ്കിന്റെ പാരിസ്ഥിതിക സാമൂഹിക ഗവേണൻസ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനുമാണ് നീക്കമെന്ന് ബാങ്ക് ചീഫ് ജനറൽ മാനേജർ എം. വിശേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയുടെ സുസ്ഥിര വികസന കാഴ്ചപ്പാടിന് കരുത്തു പകരുന്നതിനൊപ്പം ബാങ്കിംഗ് മേഖലയിൽ പരിസ്ഥിതി സൗഹൃദ മാതൃകകൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായി പി.എൻ.ബി അറിയിച്ചു.