ചുട്ടുപൊള്ളുന്ന ചൂടിൽ അവഗണിക്കരുത് ആരോഗ്യ നിർദ്ദേശങ്ങൾ

Monday 27 April 2026 12:40 AM IST

വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണം

കൊല്ലം: ജില്ലയിൽ ഉഷ്ണതരംഗ സമാനമായ സാഹചര്യം തുടരുമ്പോഴും വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഈമാസം താപനില 40 ഡിഗ്രിയോളം ഉയരുമെന്ന കളക്ടറുടെ ജാഗ്രതാ നിർദ്ദേശം നിലനിൽക്കെയാണ് പലേടത്തും തൊഴിലാളികൾ ഉച്ചസമയത്തും കഠിനമായ ജോലിയിൽ ഏർപ്പെടുന്നത്. ​ജില്ലയിലെ കൃഷിയിടങ്ങളിലും നിർമ്മാണ മേഖലകളിലും ജോലി ചെയ്യുന്നവർ ഇപ്പോഴും പഴയ സമയക്രമമാണ് പിന്തുടരുന്നത്. ട്രാഫിക് വാർഡൻമാർക്ക് തണലോ കുടിവെള്ളമോ ലഭിക്കുന്നില്ല. പെയിന്റിംഗ്, വെൽഡിംഗ് തൊഴിലാളികൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാഘാത സാദ്ധ്യത വർദ്ധിപ്പിക്കും. ഹെൽമെറ്റോ തൊപ്പിയോ പോലും പലരും ഉപയോഗിക്കുന്നില്ല. പാടങ്ങളിലും പുരയിടങ്ങളിലും ജോലി ചെയ്യുന്ന കർഷകർ 11 മുതൽ 3 വരെയുള്ള വിശ്രമവേളകൾ പാലിക്കാതെ ജോലി തുടരുന്നത് നിർജ്ജലീകരണം, തളർച്ച അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

വിപണിയും പൊള്ളുന്നു

​താപനില ഉയർന്നതോടെ ചെറുകിട കച്ചവടക്കാരും വഴിയോര വ്യാപാരികളും കടുത്ത പ്രതിസന്ധിയിലായി. ധാരണ ദിവസങ്ങളിൽ രണ്ട് മൂന്ന് ദിവസം ഫ്രഷ് ആയി ഇരിക്കാറുള്ള പച്ചക്കറികൾ കടുത്ത ചൂടിൽ മണിക്കൂറുകൾക്കുള്ളിൽ വാടിപ്പോകുന്ന അവസ്ഥയാണ്. പ്രത്യേകിച്ച് പച്ചമുളക്, ഇലക്കറികൾ, തക്കാളി എന്നിവ. ശരിയായ ശീതീകരണ സംവിധാനങ്ങളില്ലാത്ത ചെറുകിട കടകളിൽ വൻതോതിൽ ഉത്പന്നങ്ങൾ ചീയുന്നുണ്ട്. ഇത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നു. പഴങ്ങളുടെ ഉൾപ്പെടെ തൊലി കരിയുന്നത് ഉപഭോക്താക്കളെ അകറ്റുന്നു. പച്ചക്കറികൾ വൻതോതിൽ നശിക്കുന്നത് വരും ദിവസങ്ങളിൽ പച്ചക്കറി വില ഉയർത്താൻ സാദ്ധ്യതയുണ്ട്. പുതിയ സ്റ്റോക്ക് എടുക്കാൻ വ്യാപാരികൾ മടിക്കുകയാണ്. ​

ചർമ്മ രോഗങ്ങളും

​കടുത്ത ചൂട് ശാരീരിക തളർച്ചയ്ക്ക് പുറമെ ഗൗരവകരമായ ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകുന്നു. വെയിൽ നേരിട്ട് ഏൽക്കുന്നവരിൽ ചൊറിച്ചിൽ, ചുവന്ന തടിപ്പുകൾ, ചൂട് കുരുക്കൾ എന്നിവ വ്യാപകമാണ്. അന്തരീക്ഷത്തിലെ ഈർപ്പം കാരണം അമിതമായി വിയർക്കുന്നത് വഴി ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെട്ട് പെട്ടെന്നുള്ള ബോധക്ഷയത്തിന് സാദ്ധ്യതയുണ്ട്.

​കളക്ടറുടെ ജാഗ്രതാ നിർദ്ദേശങ്ങൾ

 ഉച്ചയ്ക്ക് 11 മുതൽ 3 രെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. തൊഴിൽ സമയം ക്രമീകരിക്കണം

 ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ എന്നിവ ഒഴിവാക്കി ഒ.ആർ.എസ്, സംഭാരം എന്നിവ ശീലമാക്കുക

 അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ നിർബന്ധമായും ഉപയോഗിക്കുക

 വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടരുത്. അവയ്ക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കണം

 അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുക, അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക