'ഇത് ധോണി സ്റ്റൈൽ'; ശുഭ്‌മാൻ ഗില്ലിനെ ഞെട്ടിച്ച് സഞ്ജുവിന്റെ മിന്നൽ സ്റ്റംപിംഗ്, വീഡിയോ വൈറൽ

Sunday 26 April 2026 11:59 PM IST

ചെന്നൈ: ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന ഐപിഎൽ പോരാട്ടത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് മലയാളി താരം സഞ്ജു സാംസണിന്റെ മിന്നൽ സ്റ്റംപിംഗ്. മുൻ നായകൻ എംഎസ് ധോണിയുടെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു സഞ്ജുവിന്റെ സ്റ്റംപിംഗ്. ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗില്ലിനെ പുറത്താക്കിയാണ് ആരാധകരെയും താരങ്ങളെയും സഞ്ജു മിന്നൽ സ്റ്റംപിംഗിലൂടെ ഞെട്ടിച്ചത്.

ഗുജറാത്തിന്റെ ഏഴാം ഓവറിലായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയ ആ നിമിഷം. സ്പിന്നർ നൂർ അഹമ്മദിന്റെ പന്ത് ഫ്ളിക്ക് ചെയ്യാനുള്ള ഗില്ലിന്റെ ശ്രമം പാളി. പന്ത് ഗ്ലൗസിലൊതുക്കിയ സഞ്ജു കണ്ണിമ ചിമ്മുന്ന വേഗത്തിൽ സ്റ്റംപ് തെറിപ്പിച്ചു. കമന്റേറ്റർമാർ പോലും ഗിൽ സുരക്ഷിതനാണെന്ന് കരുതിയെങ്കിലും, റീപ്ലേയിൽ ബെയിലുകൾ തെറിക്കുമ്പോൾ ഗില്ലിന്റെ കാൽ വായുവിലാണെന്ന് വ്യക്തമായി. സിഎസ്‌കെയിൽ ധോണിയുടെ യഥാർത്ഥ പിൻഗാമി സഞ്ജു തന്നെയെന്ന് ഉറപ്പിക്കുന്നതായിരുന്നു വിക്കറ്റിന് പിന്നിലെ ചടുലത. പന്ത് കൈക്കലാക്കി സ്റ്റംപിലേക്ക് എത്തിക്കുന്ന പരമ്പരാഗത രീതിക്ക് പകരം, ധോണിയെപ്പോലെ പന്ത് ഗ്ലൗസിലേക്ക് വരുന്ന അതേ വേഗതയിൽ കൈകൾ സ്റ്റംപിലേക്ക് നീട്ടുന്ന വിദ്യയാണ് സഞ്ജു പ്രയോഗിച്ചത്.

സീസണിന് മുന്നോടിയായി സ്റ്റംപിന് പിന്നിലെ വേഗത വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സഞ്ജു ധോണിയുമായി സംസാരിച്ചിരുന്നതായി കമന്റേറ്റർ കാറ്റി മാർട്ടിൻ വെളിപ്പെടുത്തി. പന്ത് കളക്ട് ചെയ്യുന്നതിന് പകരം ഗ്ലൗസുകൾ സ്റ്റംപിന് അരികിൽ നീട്ടിപ്പിടിക്കുക എന്ന ധോണിയുടെ തന്ത്രമാണ് സഞ്ജു ഇവിടെ പരീക്ഷിച്ചത്. 2023 ഐപിഎൽ ഫൈനലിൽ ജഡേജയുടെ പന്തിൽ ഇതേ രീതിയിൽ ധോണി ഗില്ലിനെ പുറത്താക്കിയിരുന്നു. ആ നിമിഷത്തിന്റെ തനിയാവർത്തനമായിരുന്നു ചെപ്പോക്കിൽ കണ്ടത്. സഞ്ജുവിന്റെ സ്റ്റംപിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.