ലക്‌നൗവിൽ കൊൽക്കത്തയുടെ ആവേശജയം; സൂപ്പർ ഓവറിൽ തകർന്ന് സൂപ്പർ ജയന്റ്സ്
ലക്‌നൗ: ഐപിഎൽ പോരാട്ടത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനെ സൂപ്പർ ഓവറിൽ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗംഭീര ജയം. അവസാന പന്തിൽ മുഹമ്മദ് ഷമി പറത്തിയ സിക്സറിലൂടെ ലക്‌നൗ മത്സരം ടൈ ആക്കിയെങ്കിലും, സൂപ്പർ ഓവറിൽ കൊൽക്കത്ത വിജയം ഉറപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് മോഹ്സിൻ ഖാന്റെ തകർപ്പൻ ബൗളിംഗ് വലിയ തിരിച്ചടിയായി.
5 വിക്കറ്റുകൾ വീഴ്ത്തിയ മോഹ്സിൻ കൊൽക്കത്തയുടെ മുൻനിരയെ തകർത്തു. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന റിങ്കു സിംഗാണ് കൊൽക്കത്തയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. 51 പന്തിൽ 7 ഫോറും 5 സിക്സറുകളടക്കം 83 റൺസടിച്ച് റിങ്കു പുറത്താകാതെ നിന്നു. ദിഗ്വേഷ് സിംഗ് രതി എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സറുകൾ പായിച്ചാണ് റിങ്കു കൊൽക്കത്തയെ 155/7 എന്ന സ്കോറിൽ എത്തിച്ചത്.
156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്‌നൗവിനെ കെകെആർ ബൗളർമാർ വരിഞ്ഞുമുറുക്കി. എന്നാൽ അവസാന പന്തിൽ ജയിക്കാൻ 7 റൺസ് വേണമെന്നിരിക്കെ, മുഹമ്മദ് ഷമി ലോംഗ് ഓഫിന് മുകളിലൂടെ സിക്സർ പറത്തി മത്സരം അപ്രതീക്ഷിതമായി ടൈ ആക്കി. സൂപ്പർ ഓവറിലും ബൗളർമാർ കൃത്യത പാലിച്ചതോടെയാണ് ആവേശ പോരാട്ടത്തിൽ കൊൽക്കത്ത ജയം ഉറപ്പിച്ചത്.