പൊലീസുകാരെ ആക്രമിച്ച പ്രതി റിമാൻഡിൽ

Monday 27 April 2026 3:42 AM IST

കൊച്ചി: സിറ്റി കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കൽ നികർത്തിൽ അനന്തുവിനെയാണ് (28) എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്.

കൺട്രോൾ റൂം വാഹനത്തിന്റെ ചുമതലയുണ്ടായിരുന്ന എസ്.ഐ ജോൺ ഷെറിഡിൻ (53), പൊലീസ് ഡ്രൈവർ ഷാരോൺ എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. റോഡിലെ നടപ്പാതയിൽ അനന്തു ബഹളമുണ്ടാക്കുന്നത് കണ്ട് എത്തിയ എസ്.ഐയെ ഇയാൾ അസഭ്യം പറഞ്ഞു. തുട‌ർന്ന് കസ്റ്റ‌‌ഡിയിലെടുത്ത് പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഷാരോണിനെയും ആക്രമിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.