മജിസ്ട്രേട്ടിന്റെ വസതിയിൽ നിന്ന് പ്രതികൾ ഓടി; ഒരാൾ പിടിയിൽ

Monday 27 April 2026 3:43 AM IST
സൂരജ്

രക്ഷപ്പെട്ടത് വിലങ്ങ് അഴിച്ചപ്പോൾ

കൊച്ചി: വിജനമായ സ്ഥലത്ത് യുവാവിനെ വിളിച്ചുവരുത്തി കവർച്ച ചെയ്ത കേസിൽ അറസ്റ്റിലായ രണ്ടു പ്രതികൾ മജിസ്ട്രേട്ടിന്റെ വീട്ടുവളപ്പിൽ നിന്ന് പൊലീസിനെ വെട്ടിച്ചു കടന്നു. പുഴ നീന്തിക്കടന്ന ഒരാളെ ഒന്നര മണിക്കൂറിനകം പിടികൂടി. രണ്ടാമനായി തെരച്ചിൽ തുടരുന്നു.

നിരവധി കേസുകളിൽ പ്രതികളായ പത്തനംതിട്ട അടൂർ പള്ളിക്കൽ റസൽ മൻസിലിൽ റസൽ മുഹമ്മദ് (20), ആലപ്പുഴ നൂറനാട് കുടശനാട് തണ്ടൻവിള വീട്ടിൽ സൂരജ് (18) എന്നിവരാണ് രക്ഷപ്പെട്ടത്. എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്ന് കടവന്ത്ര പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരെയും മറ്റൊരു കേസിലെ പ്രതിക്കൊപ്പം

ഇന്നലെ വൈകിട്ട് 5.45നാണ് വടക്കൻ പറവൂ‌ർ സ്വകാര്യബസ് സ്റ്റാൻഡിന് സമീപം മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. കോടതി അവധിയായതിനാൽ മജിസ്ട്രേട്ട് വീട്ടിലായിരുന്നു. കടവന്ത്ര സ്റ്റേഷനിലെ ഒരു എ.എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരാണ് ഒപ്പമുണ്ടായിരുന്നത്.

മൂന്നു പ്രതികളുടെയും വിലങ്ങുകൾ അഴിച്ചുമാറ്റി മജിസ്ട്രേട്ടിന്റെ വീട്ടിലേക്ക് കയറ്റുന്നതിനിടെയാണ് പൊലീസുകാരെ വെട്ടിച്ച് സൂരജും റസലും ഓടിയത്. ചേന്ദമംഗലം പാലത്തിന് സമീപം പുഴയിലേക്ക് ചാടിയ സൂരജിനെ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ചെറിയ പല്ലൻതുരുത്ത് തൂയിത്തറ ഭാഗത്ത് നിന്ന് രാത്രി ഏഴരയോടെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി പറവൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. റസൽ മുഹമ്മദിനായി പറവൂർത്തറ ചില്ലിക്കൂടം ക്ഷേത്രപരിസരത്ത് രാത്രിയും വ്യാപക തെരച്ചിൽ തുടരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ 20കാരനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കമ്മട്ടിപ്പാടത്തെ വിജനമായ ഭാഗത്തേക്ക് വിളിച്ചുവരുത്തി മൊബൈൽ ഫോൺ കവ‌ർന്നത്. ഗേ ആപ്പിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് വിളിച്ചുവരുത്തിയത്. റസൽമുഹമ്മദും സൂരജും പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പ്രായപൂർത്തിയാകാത്ത ആളെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർ‌ഡ് മുമ്പാകെ ഹാജരാക്കി.

റസൽ മുഹമ്മദ് മോഷണ കേസുകളിലുൾപ്പെടെ പ്രതിയാണ്. സുരജിനെതിരെയും കേസുകളുണ്ട്.