'മിന്നൽമാജിക്" ബ്രാണ്ടി ഇനിയും വൈകും

Monday 27 April 2026 12:47 AM IST

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസ് പ്രഖ്യാപിച്ച 'മിന്നൽമാജിക് " ബ്രാണ്ടി ഇനിയും വൈകും. ഡിസ്റ്രിലറിയുടെ നിർമ്മാണ ജോലികൾ പൂർത്തിയാവാത്തതും വിവിധ ലൈസൻസുകൾ കിട്ടാനുള്ള കാലതാമസവുമാണ് കാരണം. 2025 ജൂലായ് ഏഴിന് യൂണിറ്രിന്റെ നിർമ്മാണോദ്ഘാടനം നടന്നപ്പോൾ, എട്ടു മാസത്തിനുള്ളിൽ മദ്യനിർമ്മാണം തുടങ്ങുമെന്നായിരുന്നു അറിയിച്ചത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതും സാമ്പത്തിക വർഷാവസാനവും തടസങ്ങളായി. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ മിന്നൽ മാജിക് പുറത്തിറങ്ങാൻ ഇടയുള്ളൂ. അരലിറ്ററിനു 400 രൂപയാണ് നിശ്ചയിച്ചിട്ടുള്ള വില.

പാലക്കാട് മേനോൻ പാറയിലെ മലബാർ ഡിസ്റ്റിലറിയിൽ മൂന്ന് ബോട്ട്ലിംഗ് ലൈനുകളാണ് വേണ്ടത്. ഇതിൽ ഒരെണ്ണം സ്ഥാപിച്ച് ട്രയൽ റൺ തുടങ്ങി. ലേബലിംഗ്, ബോട്ട്‌ലിംഗ് ജോലികൾക്ക് കുടുംബശ്രീയിലൂടെ ജീവനക്കാരെ നിയമിക്കാനുള്ള കരാറായില്ല. വൈദ്യുതീകരണ നടപടികളും തീരാനുണ്ട്.

പൂർണമായി പ്രവർത്തന സജ്ജമാകുമ്പോൾ പ്രതിദിനം 13,500 കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാകും. നേരിട്ടും അല്ലാതെയുമായി 250 ഓളം പേർക്ക് തൊഴിൽ ലഭിക്കും. കേരള ഇലക്ട്രിക് ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിക്കാണ് നിർമ്മാണ മേൽനോട്ടം.

ജവാനെയും കാണാനില്ല

സാധാരണക്കാരന്റെ പ്രിയപ്പെട്ട മദ്യമായ ജവാൻ റമ്മിനും ക്ഷാമം. മിക്ക ബാറുകളിലും വിദേശമദ്യ ചില്ലറ വില്പനശാലകളിലും ജവാനില്ല. സർക്കാർ ഉടമസ്ഥതയിൽ തിരുവല്ല വളഞ്ഞവട്ടത്ത് പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസാണ് നിർമ്മാതാക്കൾ. പ്രതിദിനം 12,000 കെയ്സ് മദ്യം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിനനുസരണമായി ലോഡ് പോകുന്നില്ല.