മഹാരാഷ്ട്രയിൽ 15 കോടി കവർന്ന സംഘാംഗം വാഗമണ്ണിൽ പിടിയിൽ

Monday 27 April 2026 12:48 AM IST

ഇടുക്കി: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്ന് 15 കോടി രൂപ കവർന്ന സംഘത്തിലെ പ്രതികളിലൊരാളെ വാഗമൺ പുള്ളിക്കാനത്ത് നിന്ന് ഇടുക്കി പൊലീസ് പിടികൂടി. പാലക്കാട് പുതുപ്പരിയാരം മുണ്ടൂർ മൈലംപള്ളി വഴുവഞ്ചേരി വീട്ടിൽ ടൈറ്റസ് ജോർജാണ് (36) പിടിയിലായത്. കുപ്രസിദ്ധ കുഴൽപ്പണ കവർച്ച സംഘത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടത്തിൽപ്പെട്ടയാളാണ് ഇയാൾ. ഡിസംബറിലാണ് കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള പത്തോളം വരുന്ന കവർച്ചാ സംഘം നാസിക്കിലെ ഹൈവേയിൽ നിന്ന് വ്യവസായിയുടെ കാർ തടഞ്ഞ് പണം കവർന്നത്. 15 കോടിയുമായി കാർ വരുന്ന വിവരം മനസിലാക്കി ഹൈവേയിൽ കാത്ത് നിന്ന സംഘം മറ്റൊരു കാർ ഉപയോഗിച്ച് തടയുകയായിരുന്നു. തുടർന്ന് വ്യവസായിയെയും കൂടെയുണ്ടായിരുന്നവരെയും ബന്ധിച്ച് വേറെ കാറിലേക്ക് മാറ്റി. പണമുള്ള കാറിൽ കവർച്ചാസംഘം കയറിയ ശേഷം രണ്ട് വാഹനങ്ങളും മുന്നോട്ട് ഓടിച്ചുപോയി. കാറിലുള്ള പണം ചാക്കിലാക്കിയ ശേഷം വാഹനം നിറുത്തി വ്യവസായിയെയും കൂട്ടാളികളെയും വഴിയിലിറക്കി വിട്ട ശേഷം സ്ഥലംവിട്ടു. കവർച്ചയിൽ പങ്കെടുത്തവരെല്ലാം മലയാളികളാണെന്നാണ് മഹാരാഷ്ട്ര പൊലീസ് നൽകിയ വിവരം. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് പിടികൂടിയ പ്രതികളിലൊരാൾ നൽകിയ വിവരമനുസരിച്ചാണ് ടൈറ്റസ് ജോർജ് വാഗമണ്ണിലുണ്ടെന്ന് അറിയുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പിടികിട്ടാപ്പുള്ളികളെ കണ്ടെത്താനുള്ള പ്രത്യേക സംഘമായ എൽ.പി സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പുള്ളിക്കാനത്തെ ഒരു റിസോർട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ടൈറ്റസിന് മറ്റ് സ്റ്റേഷനുകളിലും നിലവിൽ കേസുകളുണ്ട്. നാസിക്കിലെ പൊലീസ് സ്റ്റേഷനിൽ രണ്ടും കള്ളിക്കോട് പൊലീസ് സ്റ്റേഷനിലും തമിഴ്നാട് ഈറോഡ് ചിത്തോട് പൊലീസ് സ്റ്റേഷനിലുമായി മൂന്ന് കവർച്ചാ കേസുകളുമുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും നിയമനടപടികൾക്കുമായി മഹാരാഷ്ട്ര പൊലീസിന് കൈമാറി.