നിസാരമായി കാണരുത്; പല്ലുകൾ ചെറുതാണെങ്കിലും വിഷത്തിന്റെ കാര്യത്തിൽ ശംഖുവരയൻ മുന്നിൽ, പ്രത്യേകതകൾ ഇങ്ങനെ

Monday 27 April 2026 10:54 AM IST

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മാത്രം മൂന്ന് പേർക്കാണ് പാമ്പുകടിയേറ്റത്. വേനൽക്കാലം ആയതോടെ പാമ്പുകടിയുടെ എണ്ണവും കൂടുന്നുണ്ട്. ഇതിൽ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിന്റെ ആക്രമണമാണ്. 'Bungarus caeruleus' എന്നതാണ് ശംഖുവരയന്റെ ശാസ്ത്രീയനാമം. വെള്ളിക്കെട്ടൻ,​ എട്ടടി മൂർഖൻ,​ വള കൊഴുപ്പൻ,​ മോതിര വളയൻ,​ കരിയോല എന്നീ പേരുകളിലും ശംഖുവരയൻ അറിയപ്പെടുന്നു.

ഇതിനെ അത്ര നിസ്സാരക്കാരനായി കാണാൻ കഴിയില്ല. ലോകത്തിലെ വിഷപ്പാമ്പിന്റെ പട്ടികയിൽ മുന്നിലാണ് ഇതിന്റെ സ്ഥാനം. ഇവയുടെ പല്ലുകൾ വായയുടെ മുൻഭാഗത്ത് തന്നെയാണെങ്കിലും അവ വളരെ ചെറുതായതിനാൽ കടിയേൽക്കുന്നത് പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. രാത്രിയാണ് ഇവ കൂടുതലായി ഇര തേടുന്നത്. ചൂട് തേടിയും ഇരയെ അന്വേഷിച്ചും ഇവ വീട്ടിലും മുറിയിലും കയറിക്കൂടാറുണ്ട്. കടിയേറ്റാൽ മുറിവോ വേദനയോ നീരോ പെട്ടെന്ന് പ്രകടമാവാത്തതിനാൽ പലരും ഗുരുതരാവസ്ഥയിൽ ആകുമ്പോഴാണ് കടിയേറ്റ വിവരം പോലും അറിയുന്നത്.

ലക്ഷണങ്ങൾ

ശക്തമായ വയറുവേദന, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവയുടെ വിഷം നാഡീവ്യൂഹത്തെ നേരിട്ട് ബാധിക്കുന്നതിനാൽ ഉടൻ തന്നെ ആന്റിവെനം ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കണം. ഇല്ലെങ്കിൽ ജീവന് ഭീഷണിയാണ്. ശംഖുവരയൻ കടിച്ചാൽ വായിൽ നിന്ന് നുരയും പതയും വരാറുണ്ട്.

തറയിലെ വിള്ളലുകൾക്കിടയിൽ, അലമാരയുടെ പിന്നിൽ, കട്ടിലിൽ, നനവുള്ള കുളിമുറി, വിറക്പുര എന്നിവയിലാണ് കൂടുതലായി ശംഖുവരയൻ അഭയം തേടുന്നത്. എലി, ഓന്ത്, ചെറുപക്ഷികൾ എന്നിവയാണ് ഇതിന്റെ പ്രധാന ഇര. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇവ ഇണചേരുന്നത്. 20 മുട്ടകൾ വരെ ഇടും. മുട്ടകൾ വിരിയാൻ ഏകദേശം 60 ദിവസം എടുക്കും.