ഇനി സ്‌ക്രീൻഷോട്ടും അറിയാത്ത കാര്യങ്ങളും വാട്‌സാപ്പിൽ അയക്കരുത്; പിഴ കോടികൾ, അഡ്‌മിൻമാരെയും പ്രതികളാക്കും

Monday 27 April 2026 11:41 AM IST

ദുബായ്: വാട്‌സാപ്പ് ഉപയോഗിക്കുന്ന യുഎഇയിലെ താമസക്കാർക്ക് മുന്നറിയിപ്പുമായി നിയമവിദഗ്ദ്ധർ. വാട്‌സാപ്പ് ഗ്രൂപ്പുകളിലും അല്ലാതെയും വരുന്ന സ്ഥിരീകരിക്കാത്ത ഉള്ളടക്കങ്ങൾ ഫോർവേഡ് ചെയ്യുന്നതും ഒരാളുടെ സമ്മതമില്ലാതെ ചിത്രങ്ങൾ പങ്കിടുന്നതും സൈബർ നിയമലംഘനങ്ങളിൽ ഉൾപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ശരിയല്ലാത്ത സന്ദേശങ്ങൾ പങ്കുവയ്‌ക്കുന്നവ‌ർക്ക് മാത്രമല്ല, ഫോർവേഡ് ചെയ്യുന്നവർക്കും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇരയാകേണ്ടിവരും. അതിനാൽ രാജ്യത്തെ താമസക്കാർ ജാഗ്രത പാലിക്കണം. മറ്റൊരാൾ അയച്ച തെറ്റായ വാർത്തകൾ അല്ലെങ്കിൽ വീഡിയോകൾ ഗ്രൂപ്പുകളിലോ അല്ലാതെയോ അയക്കരുത്. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ സംഭാഷണങ്ങൾ പങ്കുവയ്‌ക്കുന്നതും സ്‌ക്രീൻഷോട്ടുകൾ കൈമാറുന്നതും സ്വകാര്യതാ ലംഘനമാണ്.

കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച്, 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ (64 ലക്ഷം - 1.28 കോടി രൂപ വരെ) പിഴ അടയ്‌ക്കേണ്ടിവരും. ചില കേസുകളിൽ തടവ് ശിക്ഷയും ലഭിക്കാം. ഗ്രൂപ്പുകളിൽ നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അഡ്‌മിൻമാർ അത് ഉടൻതന്നെ നീക്കം ചെയ്യണം. ഇത്തരം സന്ദേശങ്ങൾ പ്രോത്സാഹിപ്പിച്ചാൽ അഡ്‌മിൻമാരും നിയമക്കുരുക്കിലാകും.