വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

Tuesday 28 April 2026 12:16 AM IST
വോട്ടെണ്ണൽ ജോലികൾക്ക് നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷന് ജില്ലാ കളക്ടർ ജി പ്രിയങ്ക നേതൃത്വം നൽകുന്നു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി കൗണ്ടിംഗ് സൂപ്പർവൈസർമാർ, അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർമാർ എന്നിവരെ നിയമിക്കാനുള്ള ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. കളക്ടറുടെ ചേംബറിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വം നൽകി.

ആദ്യഘട്ടത്തിൽ 30 ശതമാനം റിസർവ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. രണ്ടാംഘട്ടത്തിൽ ഇത് 20 ശതമാനമായി കുറയും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണലിന് ഓരോ വിഭാഗത്തിലും 266 പേരെ വീതം നിയോഗിച്ചു. തപാൽ വോട്ടുകൾ എണ്ണാൻ 115 സൂപ്പർവൈസർമാരെയും 216 അസിസ്റ്റന്റുമാരെയും 115 മൈക്രോ ഒബ്‌സർവർമാരെയും നിശ്ചയിച്ചു. ജില്ലയിലാകെ 381 സൂപ്പർവൈസർമാരും 482 അസിസ്റ്റന്റുമാരും 381 മൈക്രോ ഒബ്‌സർവർമാരുമുണ്ട്.

നിയമന ഉത്തരവുകൾ പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഏപ്രിൽ 27ന് വിതരണം ചെയ്യാൻ നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തും ഉത്തരവുകൾ നേരിട്ട് ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യോഗസ്ഥർക്കും ഉത്തരവ് ലഭിച്ചെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണം.

തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലനം ഏപ്രിൽ 29 മുതൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിക്കും.