നിതിൻ രാജിന്റെ മരണം :സംസ്ഥാനത്ത് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ നാളെ,​ അവശ്യ സർവീസുകളെ ഒഴിവാക്കി

Monday 27 April 2026 6:57 PM IST

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്നാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകിട്ട ആറ് വരെ നടത്തുന്ന ഹർത്താലിൽ നിർ‌ബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻരാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം കണ്ണൂരിൽ സ്വകാര്യ ബസ് സർ‌വീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്ബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതിനോട് യോജിപ്പില്ല. ഏകോപന സമിതിയിൽ അംഗങ്ങളായിട്ടുള്ള മുഴുവൻ വ്യാപാരികളും പതിവ് പോലെ നാളെയും കടകൾ തുറക്കുമെന്നും പി സി ജേക്കബ് വ്യക്തമാക്കി.

രോഹിത് വെമുല നിയമം നടപ്പാക്കുക,​ നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക,​ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക,​ ജുഡിഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.