ഐപിഎൽ മത്സരം  അട്ടിമറിക്കാൻ നീക്കം; ചിന്നസ്വാമി സ്റ്റേഡിയത്തിലെ 249 സിസിടിവി ക്യാമറകൾ ഓഫ് ചെ‌യ്തു, രണ്ടു പേർ പിടിയിൽ

Monday 27 April 2026 8:06 PM IST

ബംഗളൂരു: ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച. സ്റ്റേഡിയത്തിലെ 240ലധികം സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ കുബ്ബോൺ പാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് (37), ഉത്തർപ്രദേശ് സ്വദേശി അബ്ദുൾ കലാം (19) എന്നിവരാണ് പ്രതികൾ. സ്റ്റേഡിയത്തിലെ നിരീക്ഷണ സേവനങ്ങൾ നൽകുന്ന കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്നവരാണ് ഇവർ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം.

ഏപ്രിൽ 24ന് രാവിലെ 11:30 ഓടെയായിരുന്നു സ്റ്റേഡിയത്തിലെ നിയന്ത്രിത മേഖലയായ സിസിടിവി കൺട്രോൾ റൂമിൽ അതിക്രമിച്ച് കയറിയ പ്രതികൾ വീഡിയോ റെക്കോർഡറുകളും ഫൈബർ കണക്ഷനുകളും ഓഫാക്കിയത്. ഇതോടെ സ്റ്റേഡിയത്തിലെ പ്രവേശന കവാടം, പെരിമീറ്റർ സോണുകൾ, ഡി കോർപ്പറേറ്റ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ ക്യാമറകൾ പ്രവർത്തനരഹിതമായി.

കമ്പനിയിൽ നിന്നും 10 ലക്ഷം രൂപ ശമ്പളക്കുടിശ്ശിക ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് അട്ടിമറിക്ക് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പലതവണ ആവശ്യപ്പെട്ടിട്ടും പണം നൽകാത്തതിലുള്ള നിരാശയാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രതികൾ പൊലിസിന് മൊഴി നൽകി. സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ സിസിടിവി സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് ഡിസിപി അക്ഷയ് എം. ഹക്കെ അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ തന്നെ ക്യാമറകൾ പ്രവർത്തനസജ്ജമാക്കിയതിനാൽ മത്സരത്തെ ഇത് ബാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.