സീറ്റുകൾ കുറയും,​ പക്ഷേ എൽ ഡി എഫ് മൂന്നാംതവണയും അധികാരത്തിൽ വരും: കണക്കുകൾ വ്യക്തമാക്കി എൻഎസ് മാധവൻ

Monday 27 April 2026 8:24 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എൽ.ഡി.എഫ് കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രവചനവുമായി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ.എസ്.മാധവൻ. 75 സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് എൻ.എസ്. മാധവൻ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വിശദമാക്കുന്നത്. യു,ഡി.എഫിന് 65 സീറ്റുകളാണ് അദ്ദേഹം പ്രവചിക്കുന്നത്. 3 സീറ്റുകൾ വരെ വ്യത്യാസം വന്നേക്കാമെന്നും അദ്ദേഹം പറയുന്നു.

2021ൽ 80 സീറ്റുകളുമായി എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്ന് എൻ.എസ്. മാധവൻ പ്രവചിച്ചിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പിനെ ചർച്ചയാക്കുന്നത്. അദ്ദേഹത്തിന്റെ വിലയിരുത്തൽ പ്രകാരം മലപ്പുറവും എറണാകുളവും യു.ഡി.എഫ് കോട്ടകളാകും. എന്നാൽ കണ്ണൂർ,​ തൃശൂർ,​ കൊല്ലം,​ തിരുവനന്തപുരം,​ പാലക്കാട് ജില്ലകളിൽ വൻമുന്നേറ്റം നടത്തി എൽ.ഡി.എഫ് അധികാരം നിലനിറുത്തും. വയനാട് ജില്ലയിലെ മൂന്നു സീറ്റും യു.ഡി.എഫ് തൂത്തുവാരും. കോട്ടയം,​ ആലപ്പുഴ,​ കാസർകോട് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നടക്കുമെന്നും എൻ.എസ് മാധവൻ അവകാശപ്പെടുന്നു. എന്നാൽ ബി.ജെ.പി എത്ര സീറ്റുകൾ നേടും എന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല.