ഇടിച്ചുനിന്ന് ബസ് സ്റ്റാൻഡ് നിർമ്മാണം പതിയെ വരും, പുതിയ ടെർമിനൽ 

Tuesday 28 April 2026 2:49 AM IST

കൊച്ചി: ചെറുമഴയിൽപ്പോലും വെള്ളംകയറുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുതിയ ടെർമിനൽ നിർമ്മാണം നീളുന്നു. ടെൻഡർ നടപടി വൈകിയതിനെ തുടർന്നാണിത്. 2025 ആഗസ്റ്റിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബസ് സ്റ്റാൻഡ് സന്ദർശിച്ച് 12 കോടി രൂപ അനുവദിച്ചത്. ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ടെർമിനൽ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതിന് പിന്നാലെ സാങ്കേതികാനുമതിക്കുള്ള കാത്തിരിപ്പിലായിരുന്നു അധികൃതർ.

തിരഞ്ഞെടുപ്പ് എത്തിയതോടെ ടെൻഡർ നടപടികൾ വൈകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിനുശേഷം മാത്രമേ ഇനി ടെൻഡർ നടപടികൾ പുനരാരംഭിക്കാനാകൂ.

പൂർത്തിയാക്കാൻ

ഒന്നര വർഷം

പ്രീ ഫാബ് സ്ട്രക്ചർ മോഡലിലാണ് സ്റ്റാൻഡ് നിർമ്മാണം. ആറുമാസം കൊണ്ട് നിർമ്മിക്കാനാകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, നിർമ്മാണം പൂർത്തിയാക്കാൻ ഒന്നര വർഷം കഴിയുമെന്നാണ് ഇപ്പോൾ പറയുന്നത്.

എറണാകുളം ബസ് സ്റ്റാൻഡ്

കാരിക്കാമുറിയിലെ 3.46 ഏക്കറിൽ 13കോടിരൂപ മുടക്കിൽ നിർമ്മാണ മേൽനോട്ടം ---- പൊതുമരാമത്ത് വകുപ്പ് മുൻ പദ്ധതി----- കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) ഫണ്ട് 12കോടി ഉൾപ്പെടുത്തി നിർമ്മാണം നിർമ്മാണം നീണ്ടതോടെ ഫണ്ട് ലാപ്‌സായി

സൗകര്യങ്ങൾ

465.5 ചതുരശ്രമീറ്ററുള്ള ബസ്‌ബേയും ആധുനിക ഇരിപ്പിടങ്ങളും

472 ചതുരശ്രമീറ്ററിൽ സ്റ്റാഫ് ഓഫീസ്, എ.സി വെയിറ്റിംഗ് ഹാൾ, റിസർവേഷൻ കൗണ്ടറുകൾ, ശൗചാലയങ്ങൾ

15,000ലിറ്റർ ശേഷിയുള്ള അണ്ടർഗ്രൗണ്ട് വാട്ടർടാങ്ക്

ഫയർഫൈറ്റിംഗ് സംവിധാനങ്ങൾ, 44 ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ ജോലികൾ എന്നിവയും ഉൾപ്പെടുന്നു

പ്രീ ഫാബ് മോഡൽ

പ്രീ ഫാബ്-- സ്റ്റീൽ സ്ട്രക്ചർ മാതൃകയിലാകും കാരിക്കാമുറിയിലെ ബസ് സ്റ്റേഷൻ നിർമ്മിക്കുക. തറപണിതശേഷം അതിൽ സ്റ്റീൽപില്ലറുകൾ ഉയർത്തും. പില്ലറിനുമുകളിൽ ബീമുകൾ. അതിനുമുകളിൽ മെറ്റൽഷീറ്റ് വിരിക്കും. ഈ മെറ്റൽഷീറ്റുകളിൽ സ്ലാബ് വാർക്കും. ഈ ഷീറ്റുകൾ പിന്നീട് നീക്കംചെയ്യില്ല. ഇതിനുശേഷം രണ്ടാംതട്ടിലും സ്റ്റീൽതൂണുകൾ വരും. ഏറ്റവുമൊടുവിൽ സ്റ്റീൽതൂണുകളിലാകും കാൽസിപ് മേൽക്കൂര നിർമ്മിക്കുക

തിരഞ്ഞെടുപ്പ് വന്നതോടെയാണ് ടെൻഡർ വൈകിയത്. ഇനി നടപടികൾ വേഗത്തിലാകും ടി.ജെ. വിനോദ് എം.എൽ.എ