ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാൻ പോയ 15കാരന് പാമ്പുകടിയേറ്റു
തിരുവനന്തപുരം : ക്രിക്കറ്റ് കളിക്കുന്നതിനിടെ പതിനഞ്ച് വയസുകാരന് പാമ്പ് കടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗദീഷിന്റെ മകൻ അഭിനവിനാണ് (15) പാമ്പ് കടിയേറ്റത്. ഇന്ന് വൈകിട്ട് 4.30ന് വീടിന് സമീപത്തെ തടത്തിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുമ്പോൾ പന്ത് സമീപത്തെ ചെറു തോട്ടിൽ വീണു. ഇതെടുക്കാൻ തോട്ടിലിറങ്ങിയ അഭിനവിനെ കല്ലിനിടയിലിരുന്ന പാമ്പ് കടിക്കുകയായിരുന്നു. ഉടൻ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ചിറയിൻകീഴ് അഴൂരും ഇന്ന് ഒരാൾക്ക് പാമ്പുകടിയേറ്റിരുന്നു. പെരുങ്ങുഴി മൂന്നുമുക്ക് വി.ആർ ഹൗസിൽ ഭുവനേന്ദ്രനാണ് (62) വീടിന് സമീപത്തെ വിറക് പുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ കടിയേറ്റത്. ഇന്നലെ രാവിലെ 8നായിരുന്നു സംഭവം.ഇടതുകാലിലെ തള്ളവിരലിന് മുകളിലാണ് മുറിവേറ്റത്. ഉടൻ 108 ആംബുലൻസിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും, അവിടെനിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. തുടർപരിശോധനകളിൽ വിഷപ്പാമ്പല്ലെന്ന കണ്ടെത്തലിൽ ഇയാളെ ഡിസ്ചാർജ് ചെയ്തു.വീടിന്റെ പരിസരത്ത് വാവ സുരേഷ് നടത്തിയ പരിശോധനയിൽ വിറകുപുരയിൽ നിന്ന് ചേരയെ പിടികൂടി. ദിവസങ്ങൾക്ക് മുൻപാണ് അഴൂരിൽ ഉറങ്ങിക്കിടന്നിരുന്ന 8 വയസുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം സംഭവിച്ചത്.