കേരളത്തിൽ തുടർ ഭരണസാദ്ധ്യത തള്ളാനാവില്ല: വെള്ളാപ്പള്ളി

Tuesday 28 April 2026 12:42 AM IST

കൊല്ലം: കേരളത്തിൽ തുടർ ഭരണത്തിന്റെ സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആര് ഭരണത്തിൽ വരുമെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാത്തു സൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോയെന്ന് കാത്തിരുന്ന് കാണാം. രണ്ടു കൂട്ടരും ഭരണം കിട്ടുമെന്ന് അവകാശപ്പെടുന്നു. യു.ഡി.എഫ് ഭരണത്തിൽ വരുമെന്ന അവകാശവാദത്തിനാണ് കൂടുതൽ പ്രചാരണം കിട്ടുന്നത്. എൽ.ഡി.എഫിന് ഭരണം ലഭിക്കുമെന്ന് പിണറായിയും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പഠിച്ചിട്ടാണ് പറയുന്നത്. 85 സീറ്റ് വരെ കിട്ടുമെന്നാണ് പറയുന്നത്. ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല. ബഹളം മുഴുവൻ ഇപ്പുറമാണ്. അവിടെ മുഖ്യമന്ത്രിയാകാനുള്ള മത്സരമാണ്. മൂന്ന് പേർ മത്സര രംഗത്തുണ്ട്. ഓരോത്തരും മത്സരിച്ച് ഇമേജുണ്ടാക്കുകയാണ്.

ന്യൂനപക്ഷം മുഴുവൻ ഇടതുപക്ഷത്തിനെതിരായെന്ന് പറഞ്ഞാൽ ശരിയാകില്ല. ന്യൂനപക്ഷത്തിന്റെ വോട്ട് ഇത്തവണ ഇടതുപക്ഷത്തിന് കിട്ടിയിട്ടുണ്ട്. 18 ഓളം സീറ്റുകളിൽ ന്യൂനപക്ഷ വോട്ട് കിട്ടാനുള്ള ധാരണ അവർ ഉണ്ടാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തല വിനയവും പക്വതയും പ്രവർത്തന പാരമ്പര്യവുമുള്ള നേതാവാണ്. അദ്ദേഹം മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. .

ശ്രീലേഖയെ ബൂസ്റ്റ് ചെയ്തതിൽ ബി.ജെ.പിക്ക് തെറ്റ് പറ്റി. ശ്രീലേഖയ്ക്ക് താനെന്ന ഭാവമാണെന്ന് തോന്നും. അധിക പ്രസംഗിയാണെന്നും അധികാരമോഹിയാണെന്നും ആളുകൾക്ക് തോന്നിയില്ലേ. ഇപ്പോഴും ഡി.ജി.പിയാണെന്ന തോന്നൽ ശരിയാണോ?. പാർട്ടിക്ക് വിധേയയായിരിക്കണം.. വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളിലിട്ട പോലെയയാണോയെന്ന സംശയമുണ്ട്. പൊലീസിനെ കുറിച്ച് പറയാൻ കൊള്ളാവുന്ന കാര്യമാണോ അവർ പറഞ്ഞത്.വൈദ്യുതി ബോർഡ് വലിയൊരു വെള്ളാനയാണ്. ഉദ്യോഗസ്ഥന്മാരാണ് വില്ലന്മാർ. സ്വകാര്യ മേഖലയ്ക്ക് നൽകിയാൽ ഇതിനെക്കാൾ നന്നായി നടക്കും.