വീണാജോർജിന് ആയുധം കൊണ്ട് പരിക്കേറ്റെന്ന് പറഞ്ഞിട്ടില്ല: സ്പീക്കർ

Tuesday 28 April 2026 12:46 AM IST

തിരുവനന്തപുരം: മന്ത്രി വീണാജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ ആയുധം ഉപയോഗിച്ചെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്ക് പറ്റിയിരുന്നു. അവർ അവശയായിരുന്നു. അല്ലാതെ ആയുധം കൊണ്ട് പരിക്ക് പറ്റിയെന്നല്ല താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ ദിനാഘോഷ ചടങ്ങിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സഭാംഗം അവശയായി റെയിൽവേ പ്ളാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേഭാരതിൽ കയറിപ്പോകാൻ തനിക്കാവുമായിരുന്നില്ല. വനിതാ മന്ത്രിക്കുനേരെ പ്രതിഷേധിക്കാൻ എന്തുകൊണ്ട് കെ.എസ്.യു പെൺകുട്ടികൾ എത്തിയില്ല. സമരങ്ങളിൽ പങ്കെടുക്കുമ്പോൾ ചിലപ്പോൾ ജയിൽവാസം വേണ്ടിവരും. ജയിലിൽ കിടത്തിയത് എന്തോ അപരാധമെന്ന മട്ടിലാണ് കോൺഗ്രസുകാർ പറയുന്നത്. സ്പീക്കർ എന്ന നിലയ്ക്ക് തന്റെ അവസാനത്തെ പരിപാടിയിലാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സാമാജികർ നിയമസഭയെ ഗൗരവത്തോടെ കാണണമെന്നതാണ് ഇനി വരാനിരിക്കുന്ന നിയമസഭാ സാമാജികരോട് ഒഴിഞ്ഞു പോകുന്ന സ്പീക്കർ എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.