ജില്ലയിൽ ഈ വർഷം പിടികൂടിയത് 879 പാമ്പുകളെ
മലപ്പുറം: വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ വർഷം ജില്ലയിൽ നിന്നും പിടിച്ചത് 879 പാമ്പുകളെ. കഴിഞ്ഞ വർഷം പിടികൂടിയത് 2,822 പാമ്പുകളെയാണ്. രാജവെമ്പാല, മൂർഖൻ, പെരുമ്പാമ്പ്, വെള്ളിക്കെട്ടൻ, മണ്ണൂലി, കാട്ടുപാമ്പ്, അണലി, പൂച്ചക്കണ്ണൻ, ചുമർപാമ്പ്, ചേര എന്നിവയെയാണ് പിടികൂടിയത്. നിലമ്പൂർ നോർത്ത്-സൗത്ത് റാപ്പിഡ് റെസ്‌പോൺസ് ടീമുകൾക്ക് കീഴിലേയും സർപ്പ ആപ്പിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ അംഗീകൃത വളണ്ടിയർമാർ പിടിച്ചതും ഉൾപ്പെടെയുള്ള കണക്കാണിത്. ഈ വർഷം ഏറ്റവും കൂടുതൽ പിടികൂടിയത് മൂർഖൻ പാമ്പുകളെയാണ്. പെരുമ്പാമ്പുകളെയും ധാരാളം കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ വർഷം 1,343 പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. 1,105 പെരുമ്പാമ്പുകളെയും കണ്ടെത്തിയിരുന്നു.
പാമ്പ് കടിയേറ്റ് വരുന്നവരുടെ രക്തം പരിശോധിച്ചും രോഗ ലക്ഷണങ്ങൾ നോക്കിയുമാണ് കടിച്ച പാമ്പിനെ തിരിച്ചറിയുന്നത്. പാമ്പ് കടിയേറ്റാൽ ഭയക്കരുതെന്നും എത്രയും വേഗം രോഗിയെ ആശുപത്രിയിൽ എത്തിക്കണമെന്നുമാണ് അധികൃതർ നൽകുന്ന നിർദേശം.
ശ്രദ്ധ വേണം
തറയിൽ പായ വിരിച്ച് കിടന്നുറങ്ങുന്നവരും ഷൂ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ജനാല തുറന്നിട്ട് ഉറങ്ങുന്നവർ ആ ശീലം ഒഴിവാക്കണം. വീടിന്റെ വരാന്തയിലും ഉമ്മറത്തും വെച്ചിരിക്കുന്ന ചെടിച്ചെട്ടികൾക്കിടയിൽ നനവും തണുപ്പും ഉള്ളതിനാൽ പാമ്പുകൾ കടന്നെത്താനുള്ള സാദ്ധ്യതയുണ്ട്. വിയർപ്പിന്റെയും ഈർപ്പത്തിന്റെയും ഗന്ധം പ്രാണികളെയും മറ്റും ഷൂസിലേക്ക് ആകർഷിക്കും. അതിനാൽ, ഇവയെ ആഹാരമാക്കാൻ പാമ്പുകൾ ഷൂവിനുള്ളിൽ അഭയം തേടാറുണ്ട്. യൂറോപ്യൻ ക്ലോസറ്റ് എപ്പോഴും അടച്ചുവെയ്ക്കുക. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ എന്നിവ കൂട്ടിയിടാതെ സൂക്ഷിക്കുക, രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം ഉപയോഗിക്കുക
ഇനം പിടികൂടിയത്
മൂർഖൻ 508 പെരുമ്പാമ്പ് 204 ചേര 62 മണ്ണൂലി 37
അണലി 35
ചുമർപാമ്പ് 10 കാട്ടുപാമ്പ് 9
രാജവെമ്പാല 8 വെള്ളിക്കെട്ടൻ 3 പൂച്ചക്കണ്ണൻ 3