റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് കണ്ടെത്തണം: മനുഷ്യാവകാശ കമ്മീഷൻ 

Tuesday 28 April 2026 12:20 AM IST

മലപ്പുറം: സലഫി ബസാർ മാങ്കേറ്റുകര പുറായ റോഡിന്റെ നിർമ്മാണത്തെ തുടർന്ന് അമ്പതോളം കുടുംബങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി, എം.പി,​ എം.എൽ.എ ഫണ്ട്/പ്ലാൻ ഫണ്ട് എന്നിവിടങ്ങളിൽ നിന്നും ഫണ്ട് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. വാഴയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. റോഡ് നിർമ്മാണത്തിന് ധാരാളം ഫണ്ട് ആവശ്യമാണെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കാൻ കഴിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ച സാഹചര്യത്തിലാണ് നടപടി. 75 ശതമാനം വൈകല്യമുള്ള 15 കാരനടക്കം താമസിക്കുന്ന സ്ഥലത്ത് അടിയന്തര സാഹചര്യത്തിൽ പോലും വാഹനമെത്താൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് പരാതിയിൽ പറയുന്നു. റോഡിന്റെ മദ്ധ്യഭാഗത്ത് താമസിക്കുന്ന ഒരാളുടെ തടസവാദങ്ങൾ കാരണമാണ് റോഡ് നിർമ്മിക്കാൻ കഴിയാത്തതെന്നും പരാതിക്കാരൻ അറിയിച്ചു. എല്ലാവർക്കും അനുയോജ്യമായ വിധം റോഡ് നിർമ്മിക്കണമെങ്കിൽ ഭാരിച്ച ചെലവുണ്ടെന്നും അത് പഞ്ചായത്തിന് താങ്ങാനാവില്ലെന്നും സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിലാണ് മറ്റേതെങ്കിലും മാർഗത്തിൽ ഫണ്ട് സ്വരൂപിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്. ടി. ടി. രവീന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.