ആഗോള അയ്യപ്പ സംഗമം: 55 ലക്ഷം കൂടി നൽകി
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ കരാറെടുത്ത ഐ.ഐ.ഐ.സിക്ക് 55 ലക്ഷം കൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകി. അയ്യപ്പ സംഗമത്തിന്റെ ചെലവ് 4.26 കോടിയായി വെട്ടിക്കുറച്ചശേഷമാണ് തുക അനുവദിച്ചത്. എന്നാൽ ചെലവ് വെട്ടിക്കുറയ്ക്കാനാകില്ലെന്നും എം.ഒ.യു അനുസരിച്ചുള്ള 7.11 കോടി രൂപ വേണമെന്നുമാണ് ഐ.ഐ.ഐ.സിയുടെ ആവശ്യം.
ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് അയ്യപ്പ സംഗമത്തിന്റെ ചെലവ് 4.77 കോടിയായി ബോർഡ് പരിമിതപ്പെടുത്തിയിരുന്നു. എം.ഒ.യുവിലെ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ഇതു വീണ്ടും വെട്ടിക്കുറയ്ക്കുകയായിരുന്നു. ഉപകരാർ നൽകിയതിൽ ടെണ്ടർ
ക്ഷണിച്ചില്ലെന്നതാണ് എം.ഒ.യുവിലെ വ്യവസ്ഥ ലംഘിച്ചതായി ബോർഡ് ചൂണ്ടിക്കാട്ടുന്നത്. ആകെ 4.26 കോടി മാത്രമേ നൽകാനാവൂ എന്നാണ് ബോർഡിന്റെ നിലപാട്. ഇത് ഐ.ഐ.ഐ.സിയെ അറിയിച്ചു. മൂന്നു കോടി രൂപ മുൻകൂർ നൽകിയിരുന്നു. 55 ലക്ഷം കൂടി നൽകിയതോടെ 71 ലക്ഷം രൂപയാണ് ബാക്കി നൽകാനുള്ളത്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് 70 ലക്ഷം രൂപയോളം ബോർഡ് ജി.എസ്.സി അടച്ചിട്ടുണ്ട്. പ്രത്യേക പരിപാടി എന്ന വിഭാഗത്തിൽപ്പെടുന്നതിനാൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി ഇതു തിരികെ ലഭിക്കും. ഇതു ലഭിച്ചാൽ ഐഐഐസിയുടെ മുഴുവൻ തുകയും നൽകാൻ കഴിയുമെന്നാണ് ബോർഡ് നിലപാട്.