കല്ലമ്പലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു

Monday 27 April 2026 11:24 PM IST

തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം വെയിലൂരിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. മന്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു മന്ത്രി. വെയിലൂരിൽ വച്ച് മന്ത്രിയുടെ വാഹനത്തിന് തൊട്ടുമുന്നിൽ പോയ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു . ഈ സമയം മുന്നിലെ കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമായത്. തൊട്ടുപിന്നാലെ എത്തിയ മന്ത്രിയുടെ ഔദ്യോഗിക വാഹനം നിയന്ത്രിക്കാനാകാതെ മുന്നിലെ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ കല്ലമ്പലം പൊലീസ് വാഹനങ്ങൾ നീക്കം ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.