ചൂടിൽ കുതിച്ചു ജല ഉപയോഗം
കോഴിക്കോട്: വേനൽച്ചൂട് കടുത്തതോടെ ജില്ലയിൽ ശുദ്ധജല ഉപയോഗവും കുതിക്കുന്നു. സാധാരണ ഉപയോഗിക്കുന്നതിന്റെ ഇരട്ടിയാണ് നിലവിലെ ഉപയോഗം. വാട്ടർ അതോറിറ്റി കോഴിക്കോട് ഡിവിഷന് കീഴിലുള്ള മാവൂർ, കൂളിമാട് , പെരുവണ്ണാമൂഴി പമ്പിംഗ് സ്റ്റേഷനുകൾ വഴിയാണ് നഗരത്തിൽ കുടിവെള്ളമെത്തിക്കുന്നത്. പെരുവണ്ണാമൂഴിയിൽ 174 എം.എൽ.ഡി സംഭരണ ശേഷിയും കൂളിമാട് 72 എം.എൽ.ഡി സംഭരണ ശേഷിയുമുള്ള ടാങ്കുകളുമാണ്. ഇവിടെ നിന്ന് പ്രതിദിനം 246 എം.എൽ (മില്യൺ ലിറ്റർ) വെള്ളമാണ് പമ്പ് ചെയ്തിരുന്നത്. ചൂടുകൂടിയതോടെ പ്രതിദിനം 20 എം.എൽ വെള്ളം അധികമായി വരികയാണ്. പ്രതിദിനം 100 - 200 ലിറ്റർ കെെകഴുകാനും മുഖം കഴുകാനും മാത്രം അധികമായി വെള്ളം ഉഫയോഗിക്കുന്നുണ്ടെന്നാണ് വാട്ടർ അതോറിറ്റിയുടെ വിലയിരുത്തൽ.
നഗരത്തിൽ കണക്ഷൻ 2,43,846
നഗരത്തിൽ വാട്ടർ അതോറിറ്റിക്ക് കീഴിൽ 2,43,846 കുടിവെള്ള കണക്ഷനുകളാണുള്ളത്. ഗ്രാമപ്രദേശങ്ങളിൽ 22 ചെറു പദ്ധതികൾ വഴിയും കുടിവെള്ളമെത്തിക്കുന്നു. പ്രതിദിനം 100 എം.എൽ വെള്ളമാണ് പ്രാദേശികമായി ആവശ്യമായി വരുന്നത്. ചൂടുകൂടിയതോടെ അതും ഉയർന്നു. ഉയർന്ന പ്രദേശങ്ങളിൽ ഇതിനോടകം ശുദ്ധജല ലഭ്യത നന്നെ കുറഞ്ഞിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിയന്ത്രിച്ചാണ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നത്.
വിതരണം ഗുണനിലവാര പരിശോധനയോടെ
ജല സാമ്പിൾ ശേഖരിച്ചു പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയാണ് വാട്ടർ അതോറിറ്റി വീടുകളിൽ വെള്ളം എത്തിക്കുന്നത്. വിവിധ കുടിവെള്ള സ്രോതസുകളിൽ നിന്നും കൂടാതെ സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ നിന്നും കൃത്യമായ ഇടവേളകളിൽ സാമ്പിൾ ശേഖരിച്ച് ജില്ലാ ലാബുകളിലും , സബ് ജില്ലാ ലാബുകളിലും എത്തിച്ച് കുടി വെളളത്തിന്റെ ഭൗതിക, രാസ, ജൈവ ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ട്. ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാൻ ഏഴ് ലാബുകളുമുണ്ട്.
ശ്രദ്ധിക്കാൻ
1. കുടിവെള്ളം പാഴാക്കാതിരിക്കുക
2. ചെടികൾ നനയ്ക്കാൻ, മുറ്റം, വാഹനങ്ങൾ കഴുകാൻ ശുദ്ധജലം ഉപയോഗിക്കാതിരിക്കുക
3. ചൂടുകാലത്ത് ബാക്ടീരിയകൾ നിറയാൻ സാദ്ധ്യതയുള്ളതിനാൽ ശുദ്ധീകരിച്ച് ഉപയോഗിക്കുക
''പലയിടങ്ങളിലും ശുദ്ധജലം അധികമായി വരുന്നു. അനാവശ്യമായി ഉപയോഗിക്കരുത് ''- പി.സി ബിജു, സൂപ്രണ്ടിംഗ് എൻജി. വാട്ടർ അതോ. കോഴിക്കോട്.