നിതിന്റെ മരണം: ഇന്ന് ഹർത്താൽ, വാഹനം തടയില്ല

Tuesday 28 April 2026 12:00 AM IST

കണ്ണൂർ: ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുക,​ രോഹിത് വെമുല ആക്ട് നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.

52 ദളിത് സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന ഹർത്താലിൽ വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻരാജ് ആക്ഷൻ കൗൺസിൽ പറഞ്ഞു. കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയും സ്വകാര്യ ബസുകൾ പതിവ് പോലെ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്തും അറിയിച്ചു.