ചരിത്രത്താളുകളിൽ മറഞ്ഞ് ശില്‍പി , തിളക്കം മായാതെ ആദ്യ ഗുരുപ്രതിമ
കണ്ണൂർ: ശ്രീനാരായണ ഗുരുദേവ പ്രതിമകൾക്കെല്ലാം ഒരു ആദിരൂപമുണ്ട്. ഒരു ഇറ്റാലിയൻ ശില്പി അപൂർവ ലോഹക്കൂട്ടിൽ തീർത്ത തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഗുരുദേവ പ്രതിമയാണത്. ശില്പിയുടെ പേര് പ്രൊഫ. സി. താവർലി. ശില്പിയെക്കുറിച്ച് മറ്റു വിവരങ്ങളെല്ലാം അജ്ഞാതം. അദ്ദേഹത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും ചില സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തമായി പറയാറായിട്ടില്ലെന്നും ജഗന്നാഥ ക്ഷേത്രം ഭരണസമിതി ജ്ഞാനോദയ യോഗം ഭാരവാഹികൾ പറയുന്നു. ശില്പിയുടെ ഫോട്ടോപോലും ലഭ്യമല്ല.ഈ ഗുരുപ്രതിമ ശതാബ്ദി വർഷത്തിലേക്ക് കടക്കുമ്പോഴാണ് ശില്പിയെക്കുറിച്ചുള്ള അന്വേഷണം വീണ്ടും ചർച്ചാവിഷയമായത്.
1926 ജനുവരി 31-ന് തിരുവങ്ങാട് മുണ്ടങ്ങാടൻ ഗോവിന്ദന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഗുരുപ്രതിമ നിമ്മാണം ചർച്ചാവിഷയമായത്. മൂർക്കോത്ത് കുമാരനാണ് ആഗ്രഹം അറിയിച്ചത്. ഒരാൾ ഉടനെ ആദ്യ സംഭാവന നൽകി.ആ ചെറിയ സഭയിൽ 70 രൂപ പിരിഞ്ഞു; 170 രൂപ വാഗ്ദാനമായി ലഭിച്ചു. 'കേരളത്തിൽ ലോഹ ശില്പ നിർമ്മാണം വളർന്നിട്ടില്ലാത്ത കാലമായിരുന്നു. മൂർക്കോത്ത് കുമാരൻ ധനശേഖരണ യാത്രയിൽ സിലോണിലെത്തി (ഇന്നത്തെ ശ്രീലങ്ക). അവിടെ ബുദ്ധ ശില്പങ്ങൾ ഗവേഷണ വിഷയമാക്കി കഴിഞ്ഞിരുന്ന പ്രൊഫ. സി. താവർലിയെ ആകസ്മികമായി കണ്ടു. ഒരു സന്യാസിയുടെ പ്രതിമ നിർമ്മിക്കാനാണ് ദൗത്യമെന്നറിഞ്ഞ് 5,000 ഉറുപ്പികയ്ക്ക് ശില്പം ഒരുക്കാൻ തയ്യാറായി. ആദ്യം വേണ്ടിയിരുന്നത് ഗുരുദേവന്റെ ചിത്രങ്ങളായിരുന്നു. ശിവഗിരി ശാരദാമഠത്തിനടുത്ത് വൃക്ഷത്തണലിൽ ഇരിക്കുകയായിരുന്ന ഗുരുദേവനെ തലശ്ശേരി സ്വദേശി പി. ശേഖർ വ്യത്യസ്ത കോണുകളിൽ പകർത്തി. അത് മാതൃകയാക്കി ഗുരുവിന്റെ യഥാർത്ഥ രൂപം ലോഹത്തിൽ ആലേഖനം ചെയ്തു.ഇറ്റലിയിൽ പൂർത്തിയായ ശില്പം കൊളംബോ വഴി കൊണ്ടുവരുമ്പോൾ, അന്ന് സിലോണിലുണ്ടായിരുന്ന ഗുരുദേവൻ നേരിട്ട് ദർശിച്ചു.
''ഇത് വളരെക്കാലം ജീവിച്ചിരിക്കും; ആഹാരവും ജലവും വേണ്ടല്ലോ""- നർമ്മം കലർന്ന ആ അനുഗ്രഹ വചനങ്ങൾ ചരിത്രത്തിൽ ഇടം നേടി. ഗുരുദേവ സമാധിക്ക് ഒന്നര വർഷം മുമ്പ് 1927 മാർച്ച് 13-ന് തലശ്ശേരി ജഗന്നാഥ ക്ഷേത്രവളപ്പിൽ പ്രതിമ അനാവരണം ചെയ്തു. സ്വാമി ബോധാനന്ദയാണ് ദൗത്യം നിറവേറ്റിയത്.
''നൂറു വർഷം കഴിഞ്ഞിട്ടും പ്രതിമയ്ക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ശതാബ്ദിയുടെ ഭാഗമായി പുതിയ പ്രാർത്ഥനാമന്ദിരം പണിയും.
അഡ്വ. കെ. സത്യൻ (പ്രസിഡന്റ്, തലശ്ശേരി ജ്ഞാനോദയ യോഗം)
പ്രതിമ നിർമ്മാണത്തിനുള്ള ഫോട്ടോയ്ക്ക് ധ്യാന നിമഗ്നമായ മിഴികളോടെ ഇരുന്നുകൊടുത്തതിനാൽ, ഗുരുവിന്റെ ആരോഗ്യ ദൃഢഗാത്രമായ രൂപം പ്രതിഫലിക്കുന്നു.
അരയാക്കണ്ടി സന്തോഷ് (എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി)