സഹപരിശീലകയ്ക്ക് പീഡനം : സായ് റോവിംഗ് കോച്ചിന് സസ്പെൻഷനും സ്ഥലം മാറ്റവും

Tuesday 28 April 2026 12:16 AM IST

ആലപ്പുഴ : സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ആലപ്പുഴ നാഷണൽ സെന്റർ ഒഫ് എക്സലൻസിലെ ഹൈ പെർഫോമൻസ് ഡയറക്ടറായറോവിംഗ് കോച്ചിനെ ലെെംഗിക പീഡന പരാതിയിൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തു. സഹപരിശീലക നൽകിയ പരാതിയിലാണ് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ നടപടിയെടുത്തതെന്ന് സായ് വൃത്തങ്ങൾ അറിയിച്ചു.. കഴിഞ്ഞ ജനുവരിയിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടന്നുവരികയാണ്. സസ്പെൻഷനിലായിരുന്ന കോച്ചിനെ ഈ മാസം ആദ്യമാണ് ഇംഫാലിലേക്ക് സ്ഥലം മാറ്റിയത്.

കേരളത്തിലെ സായ് സെന്ററുകളിൽ നേരത്തേയും സമാനമായ പരാതികൾ ഉയരുകയും അനിഷ്ടസംഭവങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 2015ൽ ആലപ്പുഴ സായ് സെന്ററിൽതന്നെ നാലുവിദ്യാർത്ഥിനികൾ ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അതിൽ ഒരു കുട്ടി മരണപ്പെടുകയുമുണ്ടായിട്ടുണ്ട്.സീനിയർ വിദ്യാർത്ഥികളുടെ ഉപദ്രവമാണ് കാരണമായി പറഞ്ഞിരുന്നത്. ഈ വർഷം ജനുവരിയിൽ കൊല്ലത്തെ സായ് ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.