പൊങ്ങൻപാറ ടൂറിസം പദ്ധതി അവധിക്കാലത്തും ആളനക്കമില്ല

Tuesday 28 April 2026 12:16 AM IST
നെടുവത്തൂർ കിള്ളൂരിലെ പൊങ്ങൻപാറ ടൂറിസം പദ്ധതി പ്രദേശം

കൊട്ടാരക്കര: കൊല്ലം- തിരുമംഗലം ദേശീയ പാതയോരത്ത് നെടുവത്തൂർ കിള്ളൂരിൽ 'പൊങ്ങൻപാറ ടൂറിസം' പദ്ധതിയെന്ന ബോർഡുണ്ട്, ബോർഡുകണ്ട് കാഴ്ചകാണാൻ എത്തുന്നവർ ഞെട്ടും. കാട് മൂടി ടൂറിസം പദ്ധതി നാശത്തിലാണ്. അവധിക്കാലമായിട്ടും യാതൊരുവിധ ആളനക്കവുമില്ലാത്ത ടൂറിസം ഇടമാണിത്. നെടുവത്തൂരിൽ പുതിയ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നപ്പോൾ നാട് വല്ലാതെ പ്രതീക്ഷിച്ചു. ബി.ജെ.പിയാണ് അധികാരത്തിൽ, കേന്ദ്ര ഫണ്ടെത്തിച്ച് ടൂറിസം പദ്ധതി വിപുലീകരിക്കുമെന്ന പ്രതീക്ഷകളും വെറുതെയായി. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ 'സുന്ദര ഭൂമി' അനാഥമായി നശിക്കുകയുമാണ്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ പൊങ്ങൻപാറ ടൂറിസം പദ്ധതി തയ്യാറാക്കിയത് പാതിവഴിയിൽ നിലച്ചു. റോഡരികിലെ ബോർഡ് മാത്രം മിച്ചം.

 കാഴ്ചകളുടെ സുന്ദരലോകം

  • കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ നിന്നും നടന്നുചെല്ലാവുന്ന ദൂരത്തിലാണ് പൊങ്ങൻപാറ ടൂറിസം പദ്ധതിയുള്ളത്.
  • വലിയ പാറക്കെട്ടുകളാണ് പൊങ്ങൻപാറയിലെ മുഖ്യ ആകർഷണം. ഇതിന്റെ മുകൾ ഭാഗത്തേക്ക് നടന്നു കയറാൻ കൽപ്പടവുകൾ നിർമ്മിച്ചിട്ടുണ്ട്. പാറയ്ക്ക് മുകളിലെത്തിയാൽ ക്ഷേത്രമുണ്ട്. ഇവിടെ പാറപ്പുറത്ത് ഇരുന്നാൽ കാഴ്ചകൾ കാണാനേറെയുണ്ട്, എപ്പോഴും തണുത്ത കാറ്റ് വീശും.
  • 2014-ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്താണ് പൊങ്ങൻപാറയിൽ വികസന പദ്ധതികൾക്ക് രൂപം നൽകിയത്.
  • 49 ലക്ഷം അടങ്കൽ കണക്കാക്കിയിരുന്ന പദ്ധതിയിൽ ഇരുപത്തിനാലര ലക്ഷം രൂപയുടെ നിർമ്മാണം നടത്തിയിരുന്നു. കൽപ്പടവുകൾക്കൊപ്പം കൈവരികളും സ്ഥാപിച്ചു. ടൊയ്ലറ്റുകളും വിശ്രമകേന്ദ്രവുമൊരുക്കി. നിർമ്മാണം പാതിവഴിയിലുപേക്ഷിച്ച് കരാറുകാരൻ ഒഴിവായി.
  • 24.5 ലക്ഷം രൂപ ജലസേചന വകുപ്പിന് കൈമാറിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന ആരോപണവും ഉയർന്നു. ടൊയ്ലറ്റുകളും വിശ്രമ സ്ഥലവുമടക്കം ഇപ്പോൾ കാട് മൂടി നശിച്ച നിലയിലാണ്.

 നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ

  • സൗരോർജ്ജ വിളക്കുകൾ, കുഴൽക്കിണർ, പടികൾക്ക് കൈവരികൾ എന്നിവയൊരുക്കണം
  • ഇവിടുത്തെ കാട് നീക്കി വൃത്തിയാക്കണം.
  • പാറകളുടെ വശങ്ങളിൽ സംരക്ഷണ വേലികളൊരുക്കണം.
  • ഇരിപ്പിടങ്ങളും വിനോദ സംവിധാനങ്ങളും കളിക്കോപ്പുകളും പൂന്തോട്ടവും ലഘുഭക്ഷണ ശാലയും സ്ഥാപിക്കണം.
  • നിരീക്ഷണ കാമറകൾ, സുരക്ഷാ സംവിധാനങ്ങൾ, ശുചീകരണ- സംരക്ഷണ ജീവനക്കാർ തുടങ്ങിയവ വേണം
  • കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, സായന്തനങ്ങൾ ചെലവഴിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമൊരുക്കണം.