കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

Tuesday 28 April 2026 1:22 AM IST

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ സഹകരണസംഘത്തിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) ടെൻഡറോ ക്വട്ടേഷനോ ധനവകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരിക്കുന്നത്.

സാധനങ്ങൾ വാങ്ങൽ, പ്രവൃത്തികൾ പൂർത്തിയാക്കിയശേഷം കരാർ തയ്യാറാക്കൽ, ഉയർന്ന തുക ക്വാട്ട് ചെയ്ത സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങൽ എന്നിവയാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. പേ വാർഡുകളിലും ലാബുകളിലും സൗകര്യമൊരുക്കുന്നതിന് 2022-23, 2023-24 വർഷം 40.23 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയിരുന്നു. ഇതിന് രേഖകളില്ല.

പലവട്ടം ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാത്തതിനാൽ 4.42 കോടി രൂപയുടെ വിനിയോഗം സംസ്ഥാന ഓഡിറ്റ് വകുപ്പ് തടഞ്ഞു. കരാർ ജീവനക്കാർക്ക് രണ്ടുവർഷം ശമ്പളം നൽകിയതിന് 58.3 ലക്ഷം രൂപ ചെലവഴിച്ചതായി ചെക്ക് ഇഷ്യൂ രജിസ്റ്ററിലുണ്ട്. എന്നാൽ, ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളോ കരാറിന്റെ വിശദാംശമോ ജോലിചെയ്യുന്ന യൂണിറ്റുകളുടെ വിവരങ്ങളോ ഓഡിറ്റിന് കൈമാറിയില്ല. ലാബിലേക്കും ആശുപത്രികളിലേക്കും വിവിധ സ്ഥാപനങ്ങളിൽനിന്ന് മൂന്നുകോടി രൂപ മുടക്കി വാങ്ങിയ സാധനങ്ങൾക്ക് ടെൻഡർ വിളിച്ചതിന് രേഖയില്ല. ഇവ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തുനൽകിയെങ്കിലും സൊസൈറ്റി അവഗണിച്ചു.

ടെൻഡറില്ലാതെ വാങ്ങിയവയിൽ 90,100 രൂപയുടെ ഫ്രിഡ്ജ്, സ്‌കാൻ യൂണിറ്റിലേക്ക് 1.23 ലക്ഷം രൂപയുടെ ഫിലിം കാരിബാഗ്, 1.50 ലക്ഷം രൂപയുടെ ഇരുമ്പു ബെഞ്ചുകൾ, 1.93 ലക്ഷം രൂപയുടെ ലാബ് സോഫ്റ്റ്‌വേർ ഇൻസ്റ്റലേഷൻ തുടങ്ങിയവയുമുണ്ട്. ഇവയുടെ ഫയലുകൾ പരിശോധനയ്ക്ക് കൈമാറാൻ സൊസൈറ്റി തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടി

ലുണ്ട്.