വേനൽക്കാലത്ത് കുടുംബശ്രീയുടെ വേറിട്ട പദ്ധതി ഹിറ്റ്,​ വിളവിറക്കിയത് 24.03 ഏക്കറിൽ

Tuesday 28 April 2026 1:58 AM IST

പത്തനംതിട്ട : വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കാൻ കുടുംബശ്രീ ആരംഭിച്ച വേനൽമധുരം പദ്ധതി വി​ളവെടുപ്പി​ലേക്ക്. ജില്ലയിൽ 24.03 ഏക്കറിലാണ് ഫാം ലൈവിലി ഹുഡ് പദ്ധതിയുടെ ഭാഗമായി തണ്ണി​മത്തൻ വി​ളയുന്നത്. ചൂടുകാലത്ത് ലഭ്യത ഉറപ്പാക്കുന്നതിനായി ജില്ലയിലെ എല്ലാപഞ്ചായത്തുകളിലും തണ്ണിമത്തൻ കൃഷി തുടങ്ങി​യി​ട്ടുണ്ട്.

ജില്ലയിൽ എട്ട് ബ്ലോക്കുകളിലായി 61 സംഘകൃഷി ഗ്രൂപ്പുകളാണ് കൃഷി ചെയ്യുന്നത്. ഒരു സംഘത്തിൽ നാല് അംഗങ്ങളുണ്ടാകും. കുടുബശ്രീ നാട്ടുചന്തയിലൂടെയും പ്രാദേശിക വിപണിയിലൂടെയും വില്പന നടത്തും. കോന്നിയിലാണ് ഏറ്റവും കൂടുതൽ കൃഷിയുള്ളത്. ഇവിടെ പത്ത് വാർഡുകളിൽ തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ട്

കൃഷി ചെയ്ത ഇനങ്ങൾ : മുക്കാസ, കിരൺ, ആർക്ക.

ഒരു കിലോയുടെ വില : 40 രൂപ.

ജില്ലയിലെ കൃഷി : 24.03എക്കറിൽ. (കഴിഞ്ഞ വർഷം 15.75 ഏക്കറായിരുന്നു കൃഷി)

വേനൽമഴ ആശങ്ക

അപ്രതീക്ഷിതമായെത്തിയ വേനൽമഴ തണ്ണിമത്തൻ കൃഷിയെ ബാധിക്കുമോയെന്ന ആശങ്കയുണ്ട് കർഷകർക്ക്. മഴ കൂടിയാൽ തണ്ണിമത്തൻ വില്പന ഇടിയുകയും വെള്ളം കയറി കൃഷി നശിക്കും.

കുടുംബശ്രീ ചന്തകളിലും മേളകളിലുമാണ് വിൽപ്പന നടത്തുക. നേരിട്ടെത്തി വാങ്ങുന്നവരും ഉണ്ട്.

കുടുംബശ്രീ അധികൃതർ