ട്രാൻ. ബസുകളിൽ 13 രൂപയ്ക്ക് കുപ്പിവെള്ളം
തിരുവനന്തപുരം: ജീവനക്കാരുടെ സംഘടനകൾ എതിർക്കുന്നുണ്ടെങ്കിലും ബസുകളിൽ കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള തീരുമാനവുമായി കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളിലാകും വിതരണം. ജലവകുപ്പിന്റെ കുപ്പിവെള്ളമായ 'ഹില്ലി അക്വ'യാണ്, 'കെ.എൽ15' എന്ന പേരിൽ ലിറ്ററിന് 13 രൂപയ്ക്ക് യാത്രക്കാർക്ക് നൽകുന്നത്. കരാർ ജീവനക്കാരാണ് കുപ്പിവെള്ളം എത്തിക്കുക.
ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ടുരൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷനായി നൽകും. ഓൺലൈനായി സീറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് ഒരു കുപ്പി വെള്ളം നൽകും. ഇതിന്റെ തുക ടിക്കറ്റിനൊപ്പം ഈടാക്കും. ഒരു ദിവസം രണ്ടുലക്ഷം ഓൺലൈൻ ടിക്കറ്റ് വിൽപ്പന നടക്കുന്ന സാഹചര്യത്തിൽ, എട്ടുലക്ഷം രൂപ ഇതുവഴി വരുമാനമുണ്ടാക്കാനാകും. ബഡ്ജറ്റ് ടൂറിസം യാത്രക്കാർക്കും കുപ്പിവെള്ളം നൽകും. കൗണ്ടറുകളിലും കുപ്പിവെള്ളം ലഭ്യമാക്കും.
അതേസമയം, വനിതാ കണ്ടക്ടർമാർക്കടക്കം വെള്ളക്കുപ്പികൾ ബസിൽ കയറ്റുന്നത് ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറയുന്നു. യാത്രക്കാരെ നിറുത്തിക്കൊണ്ടുപോകുന്ന തിരക്കേറിയ ബസുകളിൽ കുപ്പിവെള്ള വിതരണം അസാദ്ധ്യമാണെന്നുകാട്ടി പ്രതിപക്ഷ സംഘടനകൾ എം.ഡിക്ക് നേരത്തെ പരാതി നൽകിയിരുന്നു.