ഹർത്താൽ; സംസ്ഥാനത്ത് പലയിടങ്ങളിലും വഴി തടയുന്നു, വാഹനങ്ങൾ ഓടാൻ അനുവദിക്കില്ലെന്ന് നേതാക്കൾ
തിരുവനന്തപുരം: ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലും ഹർത്താലനുകൂലികൾ വഴിതടഞ്ഞു. വാഹനങ്ങൾ നിരത്തിലോടാൻ അനുവദിക്കില്ലെന്ന് വിവിധ നേതാക്കൾ വ്യക്തമാക്കി. പലയിടങ്ങളിലും പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റുന്നുണ്ട്.
പത്തനംതിട്ട അടൂരിൽ കെഎസ്‌ആർടിസി സ്റ്റാന്റിൽ സംഘടനാ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം കണിയാപുരം ഹൈവേയിലും സമരാനുകൂലികൾ വഴി തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാടും തമ്പാനൂരിലും വഴി തടഞ്ഞു. പ്രവർത്തകരെ പലയിടങ്ങളിലും നിന്നും പൊലീസ് നീക്കുന്നുണ്ട്. തമ്പാനൂരിൽ പ്രവർത്തകർ ബസുകൾ കടത്തിവിടാൻ അനുവദിച്ചില്ല. കണ്ണൂരിലും ഇടുക്കിയിലും വിവിധയിടങ്ങളിൽ വഴി തടയലുണ്ടായി.
ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുക, രോഹിത് വെമുല ആക്ട് നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.
52 ദളിത് സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന ഹർത്താലിൽ വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻരാജ് ആക്ഷൻ കൗൺസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി അറിയിച്ചത്. സ്വകാര്യ ബസുകൾ പതിവ് പോലെ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്തും അറിയിച്ചിരുന്നു.