വാഹനങ്ങൾ തടയുന്നു, വ്യാപക പ്രതിഷേധം; ഹർത്താലിനിടെ ദളിത് കോൺഗ്രസ് പ്രവർത്തകന് മർദനം
തിരുവനന്തപുരം: നിതിൻരാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ വ്യാപക പ്രതിഷേധം. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകൾ അടയ്ക്കാനും ആഹ്വാനം ചെയ്തു.
വാഹനങ്ങൾ തടഞ്ഞതോടെ കോട്ടയം തിരുനക്കരയിൽ ആംബുലൻസ് അടക്കമുള്ളവ കുടുങ്ങി. തിരുവനന്തപുരം തമ്പാനൂരിൽ പ്രതിഷേധക്കാരും അവർ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോഴിക്കോട് ഹർത്താലിനിടെ ദളിത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ചതായും പരാതി ഉയരുന്നുണ്ട്. അനീഷാണ് പരാതി നൽകിയത്. ഉള്ളേരിയിലാണ് സംഭവം നടന്നത്. കുറ്റ്യാടിയിൽ നിന്ന് വന്ന ബസിലെ യാത്രക്കാരാനാണ് മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഹർത്താൽ ആണെന്നും സഹകരിക്കണമെന്നും പറഞ്ഞപ്പോൾ മർദ്ദിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു.
പേരാമ്പ്രയിൽ സ്വകാര്യ ബസുകൾ തടഞ്ഞു. കുറച്ചുനേരം പ്രവർത്തകർ പ്രതിഷേധം നടത്തിയശേഷം ബസുകൾ കടത്തിവിട്ടു. കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികളെ അറസ്റ്റ് ചെയ്തു. വിഐടി (വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ പല വിദ്യാർത്ഥികളും പെരുവഴിയിലായി. പലർക്കും പരീക്ഷാ കേന്ദ്രത്തിൽ എത്താനായില്ല.
ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുക, രോഹിത് വെമുല ആക്ട് നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.