'പിതാവിന്റെ സഞ്ചയനം ആഘോഷിച്ചോ എന്ന് ചോദിച്ചു, ഇങ്ങനെയുള്ള ചടങ്ങുകൾ വെസ്റ്റേൺ രാജ്യങ്ങളിൽ ഉണ്ട്'
പിതാവ് മരിച്ചതിന് പിന്നാലെ വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. അച്ഛന്റെ വിയോഗത്തിൽ ദുഃഖിക്കുന്നതിന് പകരം എല്ലാവരും അണിഞ്ഞൊരുങ്ങി ചിരിച്ചുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നായിരുന്നു പലരുടെയും വിമർശനം. എന്നാൽ ഈ പരിപാടിയുടെ പിന്നിലെ ലക്ഷ്യമെന്തായിരുന്നുവെന്ന് സിന്ധു തുറന്നുപറയുകയാണ് പുതിയ വ്ലോഗിൽ. അവിടെ നടന്നത് സഞ്ചയന ചടങ്ങ് അല്ലെന്നും ഒരു സ്മരണാഞ്ജലി സംഘടിപ്പിച്ചതാണെന്നും സിന്ധു വ്യക്തമാക്കി.
'ഒരു ഹോട്ടലിൽ വച്ച് ഡാഡിയുടെ ഓർമ പുതുക്കൽ പോലെ ചെറിയൊരു പ്രാർഥന സംഘടിപ്പിച്ചിരുന്നു. പലരും അത് സഞ്ചയനം ആണോയെന്നാണ് ചോദിച്ചത്. പക്ഷേ സഞ്ചയനം വീട്ടിൽ വച്ചായിരുന്നു. ബന്ധുക്കളൊക്കെ വന്നിരുന്നു. അതിനുശേഷം അമ്മുവിനോട് ആണ് ഇങ്ങനെയൊരു ചെറിയ കൂട്ടായ്മ പോലെ ഒരു പരിപാടി നടത്തിയാലോ എന്ന് ഞാൻ ചോദിച്ചത്. ഇങ്ങനെയുള്ള ചടങ്ങുകൾ വെസ്റ്റേൺ രാജ്യങ്ങളിലും നോർത്തിലുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഇവിടെ അധികം കണ്ടിട്ടില്ല.
എന്തെങ്കിലും അദ്ദേഹത്തിന് വേണ്ടി ചെയ്യണമെന്നുണ്ടായിരുന്നു. ആ പരിപാടി നടന്ന ഹാളിൽ നമ്മൾ ഇതിന് മുൻപും പല പരിപാടികളും ഞങ്ങൾ ചെയ്തിട്ടുണ്ട്. ഡാഡി പല വേഷങ്ങളിൽ ഫോട്ടോകൾക്കും വീഡിയോകൾക്കും അവിടെ വച്ച് പോസ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ വച്ച് ഡാഡിയെ സ്മരിക്കുമ്പോൾ ഡാഡിയുടെ ആത്മാവ് ഞങ്ങളോടൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ ചെയ്‌തൊരു പരിപാടിയായിരുന്നു അത്. ആ ഫോട്ടോസിന്റെ താഴെ ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നിരുന്നു. 'ദേ കണ്ടില്ലേ അവർ ചിരിച്ചുനിൽക്കുന്നു' എന്നൊക്കെ. ഞങ്ങൾ ചിരിച്ചു കണ്ടാലേ ഡാഡിക്ക് സന്തോഷമാവുകയുള്ളൂ എന്ന് അറിയാമായിരുന്നു.
ഡാഡിയുടെ കുറച്ച് ഫോട്ടോയും വീഡിയോകളുമൊക്കെ കാണിച്ചിരുന്നു. കരഞ്ഞ് ബഹളം വച്ചിരിക്കാതെ പുഞ്ചിരിയോടെയാണ് എല്ലാവരും ഡാഡിയെക്കുറിച്ച് പറഞ്ഞത്. മരിച്ചവരുടെ ഓർമ്മയിൽ കരഞ്ഞുവിളിക്കാതെ അവർ ജീവിച്ചിരുന്നപ്പോൾ നൽകിയ മനോഹരമായ നിമിഷങ്ങളെ ഓർത്തെടുക്കുന്ന ഒരു 'ലെെഫ് സെലിബ്രേഷൻ' ആയിരുന്നു അത്'- സിന്ധു വ്യക്തമാക്കി.